സംസാരം ആരോഗ്യത്തിന് ഹാനികരം???
സംസാരം കുറഞ്ഞ് കുറഞ്ഞ് ആധുനിക ലോകത്ത് ഇനി സംസാരിക്കുന്നത് വെള്ളിത്തിരയിലെ താരങ്ങള്‍ മാത്രമായിരിക്കും. കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് അവര്‍ നമ്മെ വിസ്മയിപ്പിക്കും. ഡയലോഗുകള്‍ പിന്നെ അത് വാട്ട്സ് ആപ്പ് മെസേജുകളോ ഫോട്ടോ കമന്റുകളോ ആയി രൂപാന്തരം പ്രാപിക്കും. അതേ പരസ്പരം സംസാരിക്കാന്‍ നമുക്ക് മടിയായിരിക്കുന്നു.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഒരു സിനിമ തിയറ്റുകളിലെത്തിയിരുന്നു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്നായിരുന്നു ചിത്രത്തിന്റെ പേര്. തേന്‍മല എന്ന പ്രദേശത്ത് നടക്കുന്ന തികച്ചും സാങ്കല്‍പികമായ കഥ. ഒരു ഗ്രാമത്തിലെ ആളുകള്‍ക്ക് സംസാരശേഷി നഷ്ടപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. സംസാരിച്ചാല്‍ പകരുന്ന അസുഖം. സിനിമ മലയാളത്തില്‍ ഹിറ്റായില്ലെങ്കിലും തമിഴകത്ത് സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയിലേത് പോലെ സംസാരശേഷി നഷ്ടപ്പെടുന്ന ഒരു അവസ്ഥ വന്നാലോ. ചിലര്‍ അതിനെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമല്ലേ. സാങ്കേതികത വളരുമ്പോള്‍ സംസാരം കുറയുന്ന ഒരു ശീലത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പുകവലി ആരോഗ്യത്തിന് ഹാനികരം അതുപോലെ സംസാരവും ആരോഗ്യത്തിന് ഹാനികരമാണെന്ന ചിന്താഗതിയിലൂടെയാണ് നാം ജീവിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചില യാത്രകള്‍, ഓഫീസുകള്‍, എന്തിന് നമ്മുടെ വീടുകള്‍ പോലും.
സംസാരിക്കാനുള്ള കഴിവ്, ചിരി, വിവേചന ബുദ്ധി തുടങ്ങിയവയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങള്‍. മനുഷ്യന്റെ എല്ലാ ചിന്തകളെയും വികാരങ്ങളെയും ഏറ്റവും ആഴത്തില്‍ സ്വാധീനിക്കാന്‍ സംസാരത്തിന് കഴിയുന്നു. നിങ്ങളുടെ സംസാരം സ്നേഹമസൃണമായിരിക്കട്ടെ എന്നാണ് ബൈബിളില്‍ പറയുന്നത്. സംസാരവും അതിലൂടെ ഉടലെടുത്ത ഭാഷയുമാണ് മനുഷ്യ പുരോഗതിക്ക് ഒരു പരിധി വരെ കാരണമായത് എന്നതിന് പ്രത്യേക ഉദാഹരണങ്ങള്‍ ഒന്നും വേണ്ട. അതുകൊണ്ട് തന്നെ സംസാരത്തെ എങ്ങിനെ നമ്മുടെ നിത്യജീവിതത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താനാകും. എന്നാല്‍ ഈ ചോദ്യം ഇന്ന് മലയാളിയോട് ചോദിച്ചാല്‍ , സംസാരിച്ചതുകൊണ്ട് എന്തു ഗുണം എന്നായിരിക്കും മറുചോദ്യം. ഒന്നിനും സമയമില്ലാത്ത ഈ ലോകത്ത് പരസ്പരം സംസാരിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു.
സാങ്കേതികത അത്രക്കൊന്നും എത്തിനോക്കിയിട്ടില്ലാത്ത കാലത്ത് യാത്രകളിലൂടെ ഉരുത്തിരിയുന്ന സൌഹൃദമുണ്ടായിരുന്നു. തൊട്ടടുത്ത സീറ്റിലിരിക്കുന്ന അപരിചിതനോട് ആ യാത്ര കഴിയുമ്പോഴേക്കും ഒരു കുഞ്ഞു ചങ്ങാത്തം രൂപപ്പെട്ടിരിക്കും. ഇന്ന ആ സ്ഥാനം സ്മാര്‍ട്ട് ഫോണുകളും ലാപ് ടോപ്പുമെല്ലാം കയ്യടക്കിക്കഴിഞ്ഞു. ഒരു ബസിലോ ട്രയിനിലോ യാത്ര ചെയ്യുമ്പോള്‍ കാണാം. ബസിലാണെങ്കില്‍ കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ സ്ഥലം ചോദിക്കുന്ന ശബ്ദവും ക്ലീനര്‍ ഇറങ്ങാനുള്ള സ്ഥലം വിളിച്ചു പറയുന്ന ശബ്ദവും കേള്‍ക്കാം. ഇതിനിടയില്‍ ആകെ സംസാരിക്കുന്നത് ഇതര സംസ്ഥാനക്കാരുടെ മൊബൈല്‍ റേഡിയോകള്‍ മാത്രം. നമ്മള്‍, നമ്മള്‍ മാത്രം നമുക്ക് കിട്ടിയ സീറ്റില്‍ ഉള്‍വലിഞ്ഞ് പാട്ട് കേട്ട് സോഷ്യല്‍ മീഡിയയില്‍ കയറി നിരങ്ങി സമയം ചെലവഴിക്കും. ഇടക്ക് ഇതേതാ മോനേ, മോളെ സ്ഥലം എന്ന് വല്ല മുതിര്‍ന്നവരും ചോദിച്ചാല്‍ ഇതെന്തൊരു ശല്യമെന്നൊരു ഭാവത്തോടെ മുഖമുയര്‍ത്തി നോക്കും. ഒരേ ട്രയിനില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ തമ്മിലുള്ള സൌഹൃദം മൂത്ത് കമ്പാര്‍ട്ട്മെന്റില്‍ ആഘോഷങ്ങള്‍ വരെ ഒരുക്കുന്ന കാഴ്ചകള്‍ മുന്‍പുണ്ടായിരുന്നു. ഓണാഘോഷത്തിന് ഒരുമിച്ച് പൂവിട്ടവര്‍ പോലും പരസ്പരം മുഖങ്ങള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടായിരിക്കുകയില്ല. യാത്രകളില്‍ പുസ്തകം വായിക്കുക എന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും മാറി അത് മൊബൈലുകളിലെ സിനിമയിലേക്ക് വഴിമാറി. മറ്റുള്ളവരോട് അത്രയും കുറഞ്ഞ് സംസാരിച്ചാല്‍ മതിയല്ലോ.
ഓഫീസുകളിലെയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഇവിടെ സംസാരങ്ങള്‍ക്ക് കമ്പനി തന്നെ ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതൊരു അനുഗ്രഹമായി കാണുന്നവരും ചെറുതല്ല. വീടുകളിലേക്ക് പോയാല്‍ ഇതിലും ഭേദം പൊതു ഇടങ്ങളാണെന്ന് തോന്നിപ്പോകും. എല്ലാവരും ഉദ്യോഗസ്ഥരാകുന്ന ഇക്കാലത്ത് കുടുംബാംഗങ്ങള്‍ തമ്മില്‍ കാണുന്നത് വൈകുന്നേരങ്ങളില്‍ ആയിരിക്കും. അമ്മ അടുക്കളയിലും സീരിയലുമായി സമയം കൊല്ലുമ്പോള്‍ അച്ഛനും മക്കളും ഫോണില്‍ കുത്തിക്കൊണ്ടിരിക്കുകയാവും. ഡൈനിംഗ് ഹാളില്‍ വരുമ്പോള്‍ ഒരു കൈ കൊണ്ട് ഭക്ഷണവും ഇടംകൈ കൊണ്ട് ചാറ്റും ചെയ്യുന്ന വരും തലമുറയെ മാത്രമേ ഇനി പ്രതീക്ഷിക്കേണ്ടതൂള്ളൂ. അപ്പോള്‍ ആ വീട്ടില്‍ ആകെ സംസാരിക്കുന്നത് ടെലിവിഷന്‍ മാത്രമായിരിക്കും.
ദമ്പതികളുടെ സംസാരങ്ങള്‍ പോലും ചാറ്റിലൂടെ ആയിരിക്കുന്നു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരസ്പരം സംസാരിച്ചു തീര്‍ക്കാമെന്ന കാര്യം പോലും ഉദിക്കുന്നില്ല. ഇവിടെയും സംസാരത്തിന് ചരമഗീതം തീര്‍ത്തിരിക്കുന്നു. സംസാരം കുറഞ്ഞ് കുറഞ്ഞ് ആധുനിക ലോകത്ത് ഇനി സംസാരിക്കുന്നത് വെള്ളിത്തിരയിലെ താരങ്ങള്‍ മാത്രമായിരിക്കും. കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് അവര്‍ നമ്മെ വിസ്മയിപ്പിക്കും. ഡയലോഗുകള്‍ പിന്നെ അത് വാട്ട്സ് ആപ്പ് മെസേജുകളോ ഫോട്ടോ കമന്റുകളോ ആയി രൂപാന്തരം പ്രാപിക്കും. അതേ പരസ്പരം സംസാരിക്കാന്‍ നമുക്ക് മടിയായിരിക്കുന്നു.