‘വാളയാർ’ ആദ്യം കണ്ടില്ലെന്ന് നടിച്ചു; പ്രതിഷേധം കനത്തപ്പോൾ ഐ.സി.യുവിൽ ട്രോളോടു ട്രോൾ 

മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർന്നെങ്കിലും ആദ്യദിനങ്ങളിൽ ഐ.സി.യു അഡ്മിൻമാർ ഇത് മുഖവിലക്കെടുത്തതേയില്ല.

Update: 2019-10-28 10:53 GMT
Advertising

മലയാളം സോഷ്യൽ മീഡിയയിലെ പരസ്യമായ രഹസ്യമാണ് പ്രമുഖ ട്രോൾ ഗ്രൂപ്പായ ഐ.സി.യുവിന് (ഇന്റർനാഷണൽ ചളു യൂണിയൻ) ഇടതുപക്ഷത്തോടും സി.പി.എമ്മിനോടുമുള്ള അനുഭാവം. ആകാശത്തിനു കീഴിലുള്ള എന്തിനെയും ട്രോൾ ചെയ്ത് ഒരു വഴിക്കാക്കുന്ന ഐ.സി.യു, ഇടതുപക്ഷ സർക്കാറും സി.പി.എമ്മുംപ്രതിക്കൂട്ടിലാകുന്ന വിഷയങ്ങൾ വരുമ്പോൾ ഒന്ന് ചവിട്ടിപ്പിടിക്കാറുണ്ട്. അഞ്ചര ലക്ഷത്തിലേറെ അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പിൽ ഓരോ ദിവസവും കക്ഷിരാഷ്ട്രീയ - മതഭേദമന്യേ നൂറുകണക്കിന് ട്രോളുകൾ വരാറുണ്ടെങ്കിലും ഐ.സി.യുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കാനെടുക്കുന്ന ട്രോളുകളിൽ ഒരു അപ്രഖ്യാപിത സെൻസർ നടക്കുന്നതായി ഗ്രൂപ്പംഗങ്ങൾ പലപ്പോഴും പരാതിപ്പെടാറുണ്ട്.

ഈ പരാതി വെറുതെയല്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു വാളയാർ കേസിൽ ഐ.സി.യു പേജ് ആദ്യദിനങ്ങളിൽ പുലർത്തിയ നിസ്സംഗത. വാളയാറിൽ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെവിട്ടതിനു പിന്നാലെ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർന്നെങ്കിലും ആദ്യദിനങ്ങളിൽ ഐ.സി.യു അഡ്മിൻമാർ ഇത് മുഖവിലക്കെടുത്തതേയില്ല. ഇക്കാര്യം ട്രോള്‍മലയാളം പോലുള്ള മറ്റു ചില ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

പിണറായി സർക്കാറിന്റെ വീഴ്ചയെ വിമർശിക്കുകയും പരിഹസിക്കുകയു ചെയ്യുന്ന ട്രോളുകൾ പലരും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌തെങ്കിലും അഡ്മിൻമാർ അവയ്ക്ക് അംഗീകാരം നൽകിയില്ല എന്ന് ഗ്രൂപ്പംഗങ്ങൾ പറയുന്നു.

വാളയാർ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടത് ശനിയാഴ്ചയാണ്. എന്നാൽ ശനിയാഴ്ചയും ഞായറാഴ്ച രാത്രിവരെയും ഈ വിഷയത്തിൽ ഒരു ട്രോൾ പോലും ഐ.സി.യുവിന്റെ പേജിൽ വന്നില്ല. അതിനിടെ, പേജിൽ വരുന്ന ട്രോളുകൾക്കു കീഴിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച് നിരവധി പേർ കമന്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക 2.30ന് പേജിൽ പോസ്റ്റ് ചെയ്ത ഒരു 'ബൂസ്റ്റ്' ട്രോളിനു കീഴിൽ വന്ന കമന്റുകളിൽ സിംഹഭാഗവും ഐ.സി.യു അഡ്മിന്റെ നിലപാടിനെതിരെയായിരുന്നു.

വൈകീട്ട് അഞ്ചു മണിക്കു ശേഷം അൽഫോൻസ് കണ്ണന്താനത്തെപ്പറ്റിയുള്ള ട്രോളും പേജിൽ വന്നു. ഇതിനു കീഴിലും പ്രതിഷേധ കമന്റുകൾ നിറഞ്ഞു.

വൈകീട്ട് ഏഴു മണിക്കു ശേഷം പേജിലെത്തിയ അടുത്ത ട്രോളിലും വാളയാറിലെ പൊലീസ് വീഴ്ചയെക്കുറിച്ച് ഒന്നുമുണ്ടായിരുന്നില്ല. അതിനിടെ, എന്തുകൊണ്ടാണ് പേജിൽ വാളയാർ സംബന്ധിച്ച് ട്രോൾ വരാത്തത് എന്ന ചോദ്യത്തിന് പേജ് അഡ്മിൻ ആയ റോഷൻ തോസിന്റെ മറുപടി ഇപ്രകാരമായിരുന്നു.

പ്രതിഷേധങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ഞായറാഴ്ച രാത്രി 8.00 മണിക്കുശേഷം ഐ.സി.യു പേജിൽ വാളയാർ വിഷയം സംബന്ധിച്ച ആദ്യത്തെ ട്രോൾ പ്രസിദ്ധീകരിക്കപ്പെട്ടു. പൊലീസിന്റെ വീഴ്ച പരാമർശിക്കുന്നതായിരുന്നു ഇത്.

എന്നാൽ, സർക്കാറിനെതിരെയുള്ള ട്രോളുകൾ പ്രസിദ്ധീകരിക്കാത്തതിലുള്ള പ്രതിഷേധ കമന്റുകൾ ഇതിനുകീഴിലും തുടര്‍ന്നു.

ഇതിനുശേഷമാണ് പിണറായി വിജയന്റെ 2017-ലെ പ്രസ്താവന സംബന്ധിച്ചുള്ള ട്രോൾ വന്നത്. അതിനുശേഷമുള്ള ട്രോളുകളും സർക്കാറിനെ വിമർശിച്ചുകൊണ്ടുള്ളതാണ്.

സർക്കാറിനെ വിമർശിച്ചുകൊണ്ടുള്ള ഐ.സി.യു ട്രോളുകൾ അസ്വാഭാവികമാണെന്നാണ് പേജിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ.

Tags:    

Similar News