ബ്ലൂ ടിക്ക് ഒഴിവാക്കിയതിന് കേസ് കൊടുത്തു; ചെലവടക്കം തള്ളി ഡൽഹി ഹൈക്കോടതി
മുൻ സി.ബി.ഐ മേധാവി എം നാഗേശ്വര റാവുവാണ് മൈക്രോബ്ലോഗിങ് സൈറ്റിനെതിരെ കോടതിയിൽ പോയത്
തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയതിനെതിരെ നൽകിയ ഹരജി 10,000 രൂപ കോടതിച്ചലവടക്കം തള്ളി ഡൽഹി ഹൈക്കോടതി. മുൻ സി.ബി.ഐ തലവനായ റിട്ട. ഐ.പി.എസ് ഓഫീസർ എം നാഗേശ്വര റാവു ട്വിറ്ററിനെതിരെ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
തന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തതിനെതിരെ നാഗേശ്വര റാവു ഏപ്രിലിൽ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ബ്ലൂ ടിക്ക് ലഭിക്കാൻ ട്വിറ്ററിൽ അപേക്ഷ നൽകാൻ നിർദേശിച്ചു കൊണ്ടായിരുന്നു ഇത്. എന്നാൽ, താൻ ബ്ലൂടിക്കിനു വേണ്ടി ട്വിറ്ററുമായി ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് കാണിച്ച് റാവു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ്, കോടതിച്ചെലവ് ചുമത്തി ജസ്റ്റിസ് യശ്വന്ത് വർമ റിട്ട് ഹരജി തള്ളിയത്.
'ഈ വിഷയത്തിലുള്ള ഹരജി നേരത്തെ തള്ളിയ സാഹചര്യത്തിൽ വീണ്ടും ഹരജി നൽകുന്നത് ന്യായീകരിക്കാൻ കഴിയില്ല. 10,000 ചെലവടക്കം ഹരജി തള്ളുന്നു.' - ജസ്റ്റിസ് യശ്വന്ത് ശർമ വിധിന്യായത്തിൽ പറഞ്ഞു.