ലിവര്‍ പൂളിനെ ഗോളില്‍ മുക്കി സിറ്റി, സിദ്ദുവിന്‍റെ ജയില്‍ മോചനം ; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
ആഴ്സണലിന്‍റെ വിജയക്കുതിപ്പും അര്‍ഷദീപിന്‍റെ മിന്നും പ്രകടനവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി
രസം കൊല്ലിയായി മഴ; വിധിയെഴുതി ഡക്‍വര്‍ത്ത് ലൂയിസ്, പഞ്ചാബിന് ജയം #KKRvsPBKS
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള രണ്ടാം മത്സരത്തിൽ മഴ രസംകൊല്ലിയായതോടെ പഞ്ചാബ് കിംഗ്‌സിന് വിജയം. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ആതിഥേയർ വിജയിച്ചത്. കൊൽക്കത്തയുടെ മറുപടി ബാറ്റിംഗ് 16 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്. അപ്പോൾ ടീം ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയിരുന്നത്. ഡിഎൽഎസ് പാർ സ്‌കോർ 153 വേണ്ടിയിരുന്നു. ഏഴ് റൺസ് കുറവുണ്ടായതോടെയാണ് പഞ്ചാബ് വിജയിച്ചത്. ആൻഡ്രേ റസ്സൽ(35), വെങ്കിടേഷ് അയ്യർ (34), നിതീഷ് റാണ(24), ഗുർബാസ്(22) എന്നിവരാണ് കൊൽക്കത്തൻ നിരയിൽ രണ്ടക്കം കടന്നത്
നാലടിയില്‍ ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി #liverpool
ഇത്തിഹാദിൽ സ്റ്റേഡിത്തിൽ ലിവർപൂളിനെ തകർത്ത് വിട്ട് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ലിവർപൂളായിരുന്നു. സലാഹാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. പിന്നീട് സിറ്റി കളം നിറഞ്ഞു. സിറ്റിക്കായി ജൂലിയൻ അൽവാരസും കെവിൻ ഡിബ്രൂയിനും ഇൽകേ ഗുന്ദോകനും ജാക് ഗ്രീലിഷുമാണ് സ്‌കോർ ചെയ്തത്.
ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ്; തീപ്പന്തുമായി അര്‍ഷദീപ് #arshdeep
ഐ.പി.എല്ലില്‍ കൊല്‍ക്കത്തയെ പഞ്ചാബ് തകര്‍ത്തെറിയുമ്പോള്‍ നിര്‍ണായകമായത് പേസ് ബോളര്‍ അര്‍ഷദീപ് സിങ്ങിന്‍റെ പ്രകടനം. അർഷദീപ് തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് കൊൽക്കത്ത പരുങ്ങലിലായത്. കേവലം നാലു റൺസ് വിട്ടുകൊടുത്ത് മൻദീപ് സിംഗിന്റെയും അൻകുൽ റോയിയുടെയും വിക്കറ്റാണ് അർഷദീപ് ആദ്യ ഓവറില്‍ വീഴ്ത്തിയത്. മൻദീപിനെ സാം കറണും റോയിയെ റാസയും പിടികൂടുകയായിരുന്നു. മത്സരത്തില്‍ അര്‍ഷദീപ് ആകെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മെയേഴ്സ് വെടിക്കെട്ട് #MAYERS
അർധ സെഞ്ച്വറിയുമായി ഓപ്പണർ കെയിൽ മെയേഴ്‌സ് നടത്തിയ പ്രകടനമാണ് ഡൽഹിക്കെതിരെ ലക്‌നൗ സൂപ്പർ ജയന്‍റ്സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ 193 റൺസെടുത്തു. മേയേഴ്‌സ് 38 പന്തിൽ ഏഴ് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസാണ് അടിച്ചെടുത്തത്.
സിദ്ദു ജയില്‍മോചിതനായി #navjotsinghsidhu
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു മോചിതനായി. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായത്. പത്ത് മാസമാണ് ഇദ്ദേഹം ജയിലിൽ കഴിഞ്ഞത്. ജയിലിൽ നിന്നിറിങ്ങിയ സിദ്ദു വളരെ രൂക്ഷമായാണ് കേന്ദ്രസർക്കാറിനെതിരെ പ്രതികരിച്ചത്. 'ജനാധിപത്യം ചങ്ങലയിലാണ്, പഞ്ചാബ് ഈ രാജ്യത്തിന്റെ കവചമാണ്. ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നു' സിദ്ദു അഭിപ്രായപ്പെട്ടു.
ലീഡ്സിനെ ഗോളില്‍ മുക്കി ആഴ്സണല്‍ #LEEDS
ലീഡ്സ് യുണൈറ്റഡിനെ ഗോളില്‍ മുക്കി ആഴ്സണല്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്‍റെ വിജയം. ആഴ്സണലിനായി ഗബ്രിയേല്‍ ജെസ്യൂസ് ഇരട്ട ഗോള്‍ കണ്ടെത്തി. ബെന്‍ വൈറ്റും ഷാക്കയുമാണ് അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ക്രിസ്റ്റന്‍സണാണ് ലീഡ്സിന്‍റെ ഏക ഗോള്‍ നേടിയത്.