മാതാപിതാക്കൾ വഴക്കുപറഞ്ഞു; 4 മില്യൺ ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ വീടുവിട്ടു
കാവ്യയെ കണ്ടെത്തിയത് വീട്ടിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന്
യൂട്യൂബിൽ 44 ലക്ഷം ഫോളോവേഴ്‌സ് ഉള്ള 16-കാരി മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങി. 'ബിൻഡാസ് കാവ്യ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വീഡിയോസ് ചെയ്യുന്ന മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശിനിയെയാണ് വീട്ടിൽ നിന്നു കാണാതായത്. ഇവരെ പിന്നീട് ട്രെയിനിൽ നിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറി.
ഔറംഗബാദിലെ ഛവോനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. ട്രെയിനിൽ കയറി പെൺകുട്ടി മധ്യപ്രദേശിലേക്ക് പോയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തീവണ്ടികളിലും തെരച്ചിൽ നടത്തി. ഇതിനെ തുടർന്ന് ഞായറാഴ്ച മധ്യപ്രദേശിലെ ഇടാർസിയിൽ വെച്ച് കുഷിനഗർ എക്‌സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ മാതാപിതാക്കൾ ഇടാർസിയിൽ എത്തുകയും അവർക്ക് പെൺകുട്ടിയെ കൈമാറുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
2019-ൽ യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാവ്യ കോവിഡ് സമയത്താണ് കൂടുതൽ കാഴ്ചക്കാരെയും സബ്‌സ്‌ക്രൈബേഴ്‌സിനെയും കണ്ടെത്തിയത്. വ്യക്തിപരമായ വിശേഷങ്ങളും ഷോർട്ട് വീഡിയോകളുമാണ് ഇവർ ചാനലിൽ അപ്ലോഡ് ചെയ്യാറുള്ളത്.