'100 ശതമാനം ഉറപ്പ്, കോഹ്ലി ആദ്യ പന്തിൽ ഔട്ടായിരുന്നു'; തേർഡ് അമ്പയർക്കെതിരെ സ്റ്റീവ് സ്മിത്ത്
വെറും 17 റൺസെടുത്ത കോഹ്ലിയെ ബോളണ്ട് തന്നെ പിന്നീട് കൂടാരം കയറ്റി
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്സിലെ എട്ടാം ഓവർ. യശസ്വി ജയ്‌സ്വാൾ പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി സ്‌കോട്ട് ബോളണ്ടിനെ നേരിടുന്നു.നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി വിക്കറ്റ് നൽകി മടങ്ങേണ്ടതായിരുന്നു. കോഹ്ലിയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ പന്ത് സ്റ്റീവ് സ്മിത്ത് പറന്ന് കയ്യിലാക്കി മുകളിലേക്ക് എറിയുന്നു. മാർനസ് ലബൂഷൈൻ അത് പിടിച്ചെടുത്ത് ആഘോഷം തുടങ്ങി. തുടരെ രണ്ട് വിക്കറ്റുകൾ വീണ ആഘോഷത്തിലായിരുന്നു ഓസീസ് താരങ്ങൾ. എന്നാൽ അമ്പയർക്ക് ആ വിക്കറ്റിന്റെ കാര്യത്തിൽ സംശയമുള്ളതിനാൽ തന്നെ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു.
സ്മിത്ത് പന്ത് കൈപ്പിടിയാലാക്കും മുമ്പ് ചെറുതായി നിലത്ത് കുത്തിയിട്ടുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി. അത് വിക്കറ്റല്ലെന്നായിരുന്നു തേർഡ് അമ്പയറുടെ തീരുമാനം. എന്നാൽ സ്മിത്ത് ഇത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അത് വിക്കറ്റാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നായിരുന്നു സ്മിത്ത് കളിക്കിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പറഞ്ഞത്. തന്‍റെ കൈ താഴെയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. ഏതായാലും ആദ്യ പന്തില്‍ ജീവൻ വീണ് കിട്ടിയ കോഹ്ലിക്ക് ഇന്ത്യക്കായി അധികം സംഭാവനകളൊന്നും നൽകാനായില്ല എന്നത് കങ്കാരുക്കൾക്ക് ആശ്വാസമായി. വെറും 17 റൺസെടുത്ത കോഹ്ലിയെ ബോളണ്ട് തന്നെ പുറത്താക്കി.