നാലടിയില്‍ വെസ്റ്റ്ഹാമിനെ വീഴ്ത്തി സിറ്റി; ചെല്‍സിക്ക് സമനില
ആസ്റ്റണ്‍വില്ലക്കും ബ്രെന്‍റ്‍ഫോഡിനും ബോണ്‍മൗത്തിനും ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വെസ്റ്റ്ഹാമിനെയാണ് സിറ്റി തകർത്ത്. എർലിങ് ഹാളണ്ട് ഇരട്ടഗോളുമായി കളംനിറഞ്ഞ മത്സരത്തിൽ ഫില്‍ഫോഡനും വലകുലുക്കി. മറ്റൊരു പ്രധാന മത്സരത്തിൽ കരുത്തരായ ചെൽസിയെ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചു.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ പോരാട്ടത്തിൽ വ്ളാഡിമർ കൗഫലിന്റെ ഔൺ ഗോളിലൂടെ സിറ്റി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റിലും 55 ാം മിനിറ്റിലുമാണ് ഹാളണ്ടിന്റെ ഗോളുകളെത്തിയത്. 58ാം മിനിറ്റിൽ ഫിൽ ഫോഡനും വലകുലുക്കി. 71ാം മിനിറ്റിൽ ഫുൾക്രഗാണ് വെസ്റ്റ്ഹാമിനായി ആശ്വാസ ഗോൾ നേടിയത്.
82ാം മിനിറ്റിൽ നേടിയ ഗോളിലാണ് ക്രിസ്റ്റൽ പാലസ് ചെൽസിയെ സമനിലയിൽ തളച്ചത്. 14ാം മിനിറ്റിൽ കോൾ പാമറിലൂടെ മുന്നിലെത്തിയ ചെൽസി വിജയത്തിലേക്ക് കുതിക്കവെയായിരുന്നു അവസാന മിനിറ്റുകളിൽ ഫിലിപ് മറ്റേറ്റയുടെ അപ്രതീക്ഷിത ഗോളെത്തിയത്.
മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയും സതാംപ്ടണെ എതിരില്ലാത്ത അഞ്ച് ഗോളിന് ബ്രെന്റ്‌ഫോർഡും എവേർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് ബോൺമൗത്തും തകർത്തു.