സ്വന്തം തട്ടകത്തിലും രക്ഷയില്ലാതെ ടോട്ടന്‍ഹാം; ന്യൂകാസിലിനോട് തോല്‍വി
ന്യൂകാസിലിന്‍റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് വീണ്ടും തോൽവി. ന്യൂകാസിൽ യുണൈറ്റഡാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോസ്റ്റകോഗ്ലുവിന്റെ സംഘത്തെ തകർത്തത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ടോട്ടൻഹാം ജയമെന്താണെന്ന് അറിഞ്ഞിട്ടില്ല.
സ്വന്തം തട്ടകത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ആദ്യം മുന്നിലെത്തിയത് ടോട്ടൻഹാമാണ്. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഡൊമിനിക് സോളങ്കെ ടോട്ടൻഹാമിനായി വലകുലുക്കി. രണ്ട് മിനിറ്റിനുള്ളിൽ ന്യൂകാസിലിന്റെ മറുപടിയെത്തി. ആന്റണി ജോർഡാനാണ് ലക്ഷ്യം കണ്ടത്. 38ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസാഖിലൂടെ ന്യൂകാസിൽ ലീഡെടുത്തു.
രണ്ടാം പകുതിയിൽ ടോട്ടൻഹാം സമനില പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ജയത്തോടെ ന്യൂകാസിൽ പോയിന്റ് പട്ടികയിൽ ലീഡുയർത്തി. നാലാം സ്ഥാനത്തുള്ള ചെൽസിക്കും അഞ്ചാം സ്ഥാനത്തുള്ള ന്യൂകാസിലിനും 35 പോയിന്റ് വീതമാണുള്ളത്. ന്യൂകാസിൽ ഒരു കളി കൂടുതൽ കളിച്ചിട്ടുണ്ട്.