യുവരാജിന് പരിക്ക്; കരുതലായി മനീഷ് പാണ്ഡെ ടീമില്‍
യുവരാജിനെ മത്സരശേഷം എംആര്‍ഐ സ്കാനിന് വിധേയനാക്കി. പരിക്ക് ഗുരുതരമല്ലെന്നും നിര്‍ണായക സെമി പോരാട്ടത്തിന് യുവിക്ക് കളം....
മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങിന്‍റെ പരിക്ക് കണിക്കെലുട്ട് യുവതാരം മനീഷ് പാണ്ഡെയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഞായറാഴ്ച വെസ്റ്റിന്‍ഡീസിനെതിരായ സെമി പോരാട്ടത്തിന് മുന്നോടിയായാണ് പാണ്ഡെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ കൊഹ്‍ലിക്കൊപ്പം ടീമിന്‍റെ തിരിച്ചുവരവിനുള്ള അടിത്തറ പാകുന്നതിനിടെ പരിക്കേറ്റ യുവരാജിനെ മത്സരശേഷം എംആര്‍ഐ സ്കാനിന് വിധേയനാക്കി. പരിക്ക് ഗുരുതരമല്ലെന്നും നിര്‍ണായക സെമി പോരാട്ടത്തിന് യുവിക്ക് കളം പിടിക്കാനാകുമെന്നുമാണ് ടീം അധികൃതരുടെ വിശ്വാസം.
യുവിക്ക് കളത്തിലിറങ്ങാനായില്ലെങ്കില്‍ അജിങ്ക്യ രഹാനെയോ പാണ്ഡെയോ ടീമിലെത്താനാണ് സാധ്യത. ആസ്ത്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മിന്നുന്ന ശതകത്തോടെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച പാണ്ഡെയുടെ മികച്ച ഫോം കണക്കിലെടുത്താണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാഹചര്യം അനുസരിച്ച് പരീക്ഷണങ്ങള്‍ക്ക് ടീം ഒരുക്കമാണെന്ന് നായകന്‍ ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു.