സ്പെയിനില്‍ സിമിയോണിയുടെ 'അര്‍ജന്‍റൈന്‍ വിപ്ലവം'
നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് ബാഴ്സക്കെതിരെ അത്ലറ്റിക്കോ എവേ ജയം നേടുന്നത്
കളിയിലും കണക്കിലുമൊക്കെ കറ്റാലന്മാർ നിറഞ്ഞൊരു പോരാട്ടത്തിന്റെ വിധിയിങ്ങനെയാകുമെന്ന് സാക്ഷാൽ ഡിയഗോ സിമിയോണി പോലും മനസിൽ കരുതിക്കാണില്ല. നിഹ്വൽ മൊളീനയിൽ നിന്ന് പാഞ്ഞ ആ പന്ത് കുബാർസിയെയൂം റഫീന്യയേയും കടന്ന് ഷൊർലോത്തിന്റെ കാലിലെത്തുമ്പോൾ ഫൈനൽ വിസിലിന് സെക്കന്റുകളാണ് അവശേഷിച്ചിരുന്നത്. പന്തിനെ വരുതിയിൽ നിർത്തി നിറയൊഴിക്കാമായിരുന്നിട്ടും അതിന് കാത്ത് നിൽക്കാതെ ഒറ്റ ടച്ചിനയാൾ വലതുളച്ചു. നീണ്ട 19 വർഷങ്ങൾക്ക് ശേഷം ബാഴ്സക്കെതിരെ അത്ലറ്റിക്കോയുടെ ആദ്യ എവേ ജയത്തിന്റെ പ്രഖ്യാപനം സെക്കന്റുകൾക്കുള്ളിൽ ഫൈനൽ വിസിൽ വഴിയെത്തി.
എന്നത്തേയും പോലെ ഒരജു അർജന്റൈൻ ടച്ചുള്ള വിജയം. ബാഴ്സയുടെ ആദ്യ ഗോളിന് മറുപടിയെത്തിയത് റോഡ്രിഗോ ഡീപോളിന്റെ ബൂട്ടിൽ നിന്ന്. വിജയഗോളിന് വഴിയൊരുക്കിയത് നിഹ്വൽ മൊളീന. അപ്രതീക്ഷിത ജയം നൽകിയ ആനന്ദത്തിൽ ടച്ച് ലൈനരികിലൂടെ സർവം മറന്നോടുന്ന ഡിയഗോ സിമിയോണി. കഴിഞ്ഞ 12 മത്സരങ്ങളിൽ സിമിയോണിയുടെ കളിക്കൂട്ടം തോൽവി എന്താണ് എന്ന് പോലുമറിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ റയൽ ബെറ്റിസിനോട് തോറ്റതൊഴിച്ചാൽ ലീഗിൽ ഒരു ടീമിനും നാളിതുവരെ അത്ലറ്റിക്കോയെ വീഴ്ത്താനായിട്ടില്ല. ബാഴ്സയെക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടും 3 പോയിന്റിന്റെ വ്യക്തമായ ലീഡോടെ പോയിന്റ് ടേബിളിൽ തലപ്പത്ത്. ഡിയഗോ സിമിയോണിയുടെ കീഴിൽ മൂന്നാം ലീഗ് കിരീടത്തിലേക്കുള്ള അത്ലറ്റിക്കോയുടെ അപരാജിത സഞ്ചാരം ഇവിടെത്തുടങ്ങുകയാണ്.
ലീഗിലെ ആദ്യ 12 മത്സരങ്ങളിൽ 11 ഉം ജയിച്ച് മുന്നേറിയ ഹാൻസി ഫ്ലിക്കിന്റെ കളിക്കൂട്ടത്തിന് പൊടുന്നനെ എന്താണ് സംഭവിച്ചത് എന്നറിയാതെ വാപൊളിച്ച് നിൽക്കുകയാണിപ്പോൾ ആരാധകർ. റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ ഒക്ടോബറിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ഊർജം എവിടെയാണ് കളഞ്ഞു പോയത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ കറ്റാലന്മാർ വഴങ്ങിയത് നാല് തോൽവികളാണ്. ലീഗിലെ 14ാം സ്ഥാനക്കാരോടും 15ാം സ്ഥാനക്കാരോടും തോറ്റത് ഹോം ഗ്രൗണ്ടിൽ വച്ച്. അത്ലറ്റിക്കോയോട് അവസാന മിനിറ്റ് വരെ കളം നിറഞ്ഞ് കളിച്ചിട്ടും ഒറ്റപ്പിഴവ് കൊണ്ട് കൈവിട്ടത് നിർണായകമായ മൂന്ന് പോയിന്റ്.
യൂറോപ്പിൽ ഇപ്പോൾ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമേതാണെന്ന ചോദ്യത്തിന് പല ഫുട്ബോൾ പണ്ഡിറ്റുകളും ഒറ്റ സ്വരത്തിൽ നൽകുന്ന മറുപടി സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് എന്നാണ്. ലാലിഗയിൽ കളിച്ച 18 ൽ 12 മത്സരങ്ങളിലും ജയം. ചാമ്പ്യൻസ് ലീഗിൽ കളിച്ച ആറിൽ നാല് മത്സരങ്ങളിലും ജയം. സീസണിൽ ഇതുവരെ ആകെ വഴങ്ങിയത് മൂന്നേ മൂന്ന് തോൽവികൾ. സ്‌ക്വാഡ് ഡെപ്ത്തിന്റെ കാര്യത്തിൽ റയലിനും ബാഴ്സക്കും എത്രയോ പിന്നിലാണെങ്കിലും സിമിയോണിയുടെ കളിക്കൂട്ടം കളിക്കളത്തിലിപ്പോൾ എത്രയോ മുന്നിലാണ്.
പെപ് ഗ്വാർഡിയോളക്ക് വേണ്ടാത്ത ലോകകപ്പിലെ അർജന്റൈൻ ഹീറോ ജൂലിയൻ അൽവാരസിനെ കൂടാരത്തിൽ എത്തിച്ചത് മുതൽ തുടങ്ങുന്നു സിമിയോണിയുടെ ഈ സീസണിലെ വിജയ കഥ. ലീഗിൽ ആദ്യ ഒമ്പത് മത്സരങ്ങളിൽ നാലെണ്ണത്തിൽ സമനില വഴങ്ങിയ അത്ലറ്റിക്കോ ഒരു ഘട്ടത്തിൽ പോലും വലിയൊരു കുതിപ്പിനെ കുറിച്ച സൂചന നൽകിയിരുന്നില്ല. ഈ ഘട്ടത്തിൽ അൽവാരസും പ്രതീക്ഷക്കൊത്തുയർന്നിരുന്നില്ല. എന്നാൽ നാളുകൾക്കിപ്പുറം കഥമാറി. അൽവാരസ് നിറയൊഴിക്കാനാരംഭിച്ചു. അത്ലറ്റിക്കോയുടെ കഴിഞ്ഞ 12 മത്സരങ്ങളിലെ അൺബീറ്റൺ റണ്ണിന് പിന്നിൽ ചരടുവലിച്ച സുപ്രധാന സാന്നിധ്യങ്ങളിന്നൊയി അയാൾ മാറി. ഈ സീസണിൽ 12 തവണ സ്‌കോർ ചെയ്ത അൽവാരസിന്റ എട്ട് ഗോളുകളും വന്നത് ബെറ്റിസിനെതിരായ തോൽവിക്ക് ശേഷമുള്ള മത്സരങ്ങളിലായിരുന്നു. ചാമ്പ്യൻസ് ലീഗിൽ അൽവാരസ് ഇതിനോടകം നാല് തവണ ലക്ഷ്യം കണ്ടു കഴിഞ്ഞു.
തന്റെ 33ാം വയസിലും മികച്ച ഫോമിൽ കളിക്കുന്ന ആന്റോയിൻ ഗ്രീസ്മാനാണ് അത്ലറ്റിക്കോയുടെ വിജയങ്ങളിലെ മറ്റൊരു ചാലകശക്തി. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഏഴ് തവണയാണ് ഗ്രീസ്മാൻ വലകുലുക്കിയത്. ടീമിന് നിർണായക ജയങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗ്രീസ്മാന്റെ ഗോളുകൾ വഹിച്ച പങ്ക് ചെറുതല്ല. സെവിയ്യക്കെതിരെ 3-2 ന് പിന്നിട്ട് നിന്ന ശേഷം ഇരട്ട ഗോളുമായി അത്ലറ്റിക്കോയുടെ വിജയത്തിന് തേരുതെളിച്ചത് ഗ്രീസ്മാനാണ്. 94ാം മിനിറ്റിലാണ് അന്ന് ഗ്രീസ്മാൻ വിജയഗോൾ കുറിച്ചത്.
മിഡ്ഫീൽഡിലെ അർജന്റൈൻ എൻജിൻ റോഡ്രിഗോ ഡീപോളും 21 കാരൻ പാബ്ലോ ബാരിയസും ചേർന്നുണ്ടാക്കിയ പാർട്ട്ണർ ഷിപ്പ്. പരിക്കു കാലങ്ങളോട് പടവെട്ടി തിരികെയെത്തിയ ശേഷം കളം നിറഞ്ഞു കളിക്കുന്ന യുറുഗ്വൻ സെന്റർ ബാക്ക് ജോസേ ഗിമിനെസ്. ഗിമിനസിനൊപ്പം പ്രതിരോധം പൊളിയാതെ കാക്കുന്ന ക്ലമന്റ് ലങ്ലെറ്റ്. മുന്നേറ്റത്തിൽ ഗ്രീസ്മാനും അൽവാരസിനും മികച്ച പിന്തുണ നൽകുന്ന അലെക്സാണ്ടർ ഷൊർലോത്തും ഏയ്ഞ്ചൽ കൊറിയയയും. എട്ട് ക്ലീൻ ഷീറ്റുകളുമായി ഗോൾവലക്ക് മുന്നിൽ പലപ്പോഴും ചോരാത്ത കയ്യുമായി നിലയുറപ്പിക്കുന്ന ജാൻ ഒബ്ലാക്ക്. ബെഞ്ചിൽ നിന്നെത്തി പലകുറി അത്ഭുതങ്ങൾ സൃഷ്ടിച്ച ജൂലിയാനോ സിമിയോണി അങ്ങനെയങ്ങനെ നീണ്ടു നീണ്ടു പോകുന്നു അത്ലറ്റിക്കോയുടെ വിജയക്കുതിപ്പിന് പിന്നിലെ പ്രതിഭകൾ. ഒടുക്കം എല്ലാത്തിന്റേയും പിന്നിലെ മാസ്റ്റർ ബ്രെയിനായി ഡിയഗോ സിമിയോണി എന്ന ചാണക്യനും.
'സ്ബ്സ്റ്റിറ്റൂഷ്യൻ മേക് ദ ഡിഫ്രൻസ്'. ബാഴ്സക്കെതിരായ വിജയത്തിന് ശേഷം ഡിയഗോ സിമിയോണിയുടെ പ്രതികരണത്തിൽ എല്ലാമുണ്ടായിരുന്നു. ഈ സീസണിൽ ബെഞ്ചിൽ നിന്നെത്തിയ കളിക്കാർ അത്ലറ്റിക്കോക്കായി കളി പിടിച്ച നിമിഷങ്ങൾ ഒരുപിടിയാണ്. ഇന്നലെ 96ാം മിനിറ്റിൽ വിജയഗോൾ നേടിയ ഷൊർലോത്ത് 73ാം മിനിറ്റിൽ ഗ്രീസ്മാന്റെ പകരക്കാരനായി കളത്തിലെത്തിയ താരമാണ്. ഇതിന് മുമ്പും ഷൊർലോത്ത് ബെഞ്ചിൽ നിന്നെത്തി കളംപിടിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗെറ്റാഫെക്കെതിരായ മത്സരത്തിൽ പകരക്കാരനായെത്തിയ ഷൊർലോത്ത് 69ാം മിനിറ്റിൽ സ്‌കോർ ചെയ്ത് അത്ലറ്റിക്കോയെ വിജയത്തിലേക്ക് നയിച്ചു.
സീസണിൽ പകരക്കാരുടെ റോളിൽ ബെഞ്ചിൽ നിന്നെത്തിയ കളിക്കാർ 18 തവണയാണ് അത്ലറ്റിക്കോക്കായി വലകുലുക്കിയത്. അതിൽ ആറ് ഗോളുകൾ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലായിരുന്നു. ബെഞ്ചിൽ നിന്നെത്തിയ കളിക്കാരുണ്ടാക്കിയ ഇംപാക്ട് അവിടം കൊണ്ടവസാനിച്ചില്ല. സിമിയോണി പകരക്കാരാക്കി ഇറക്കിയ താരങ്ങൾ ഗോളിന് വഴിയൊരുക്കിയത് 12 തവണയാണ്. അതായത് സീസണിലാകെ പകരക്കാരുടെ ഗോൾ കോൺഡ്രിബൂഷ്യൻ മാത്രം 30 . യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളിൽ പന്ത് തട്ടുന്ന ഒരു ടീമിനും ഇങ്ങനെയൊരു റെക്കോർഡ് അവകാശപ്പെടാനില്ല.
പലപ്പോഴും സിമിയോണി പകരക്കാരനായി പരീക്ഷിച്ച നോർവീജിയൻ സ്ട്രൈക്കർ ഷൊർലോത്ത് എട്ട് ഗോളുകളുമായി ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. സെവിയ്യക്കെതിരെ തോറ്റു നിന്ന മത്സരത്തിലേക്ക് അത്ലറ്റിക്കോ തിരികെയെത്തിയത് ബെഞ്ചിൽ നിന്നെത്തിയ ലിനോയുടെ ഗോളിലൂടെയാണ്. 94ാം മിനിറ്റിൽ ഗ്രീസ്മാൻ കളിയും പിടിച്ചു. ആ മത്സരത്തിന് ശേഷം സിമിയോണിയുടെ സബ്സ്റ്റിറ്റിയൂഷനുകളാണ് ഞങ്ങളെ തകർത്തത് എന്നായിരുന്നു സെവിയ്യ കോച്ച് ഫ്രാൻസിസ്‌കോ സേവിയറിന്റെ പ്രതികരണം.
ലാലിഗയിൽ തോൽവികൾ തുടർക്കഥയാക്കിയ ബാഴ്സലോണയും അത് മുതലെടുക്കാൻ കഴിയാതെ പോവുന്ന റയൽ മാഡ്രിഡും ഡിയഗോ സിമിയോണിയെ സംബന്ധിച്ചിടത്ത് ശുഭസൂചനകളാണ്. ഈ ഫോം തുടർന്നാൽ ഹാൻസി ഫ്ലിക്കിനേയും കാർലോ ആഞ്ചലോട്ടിയേയും കാഴ്ച്ചക്കാരാക്കി നിർത്തി ലാലിഗ കിരീടത്തിൽ സിമിയോണിയുടെ ചുംബനം പതിയുമെന്നുറപ്പ്.