ഇന്ത്യ-ഓസീസ് ആവേശ പോരിനൊരുങ്ങി മെൽബൺ; ആരാധകർ ഏറ്റെടുത്ത ബോക്‌സിങ് ഡേ മത്സരങ്ങൾ
അവസാനം നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ അജിൻക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു
ഡിസംബർ 26... ബോക്സിങ് ഡേ. കൃത്യമായി പറഞ്ഞാൽ ക്രിസ്മസിന്റെ പിറ്റേദിവസം. കായിക രംഗത്ത് ഈ ദിനം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരുപിടി ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച ദിനം. ഓരോ വർഷവും ക്രിക്കറ്റിലും ഫുട്ബോളിലും സുപ്രധാന മത്സരങ്ങളാണ് ഈ ദിനം ഷെഡ്യൂൾ ചെയ്യപ്പെടാറുള്ളത്. ഇത്തവണ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ-ആസ്ത്രേലിയ നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റ് എന്ന നിലയിലാണ് ബോക്സിങ് ഡേ ക്രിക്കറ്റ് ലോകത്ത് നിറയുന്നത്. എന്താണ് ബോക്സിങ് ഡേ. കായിക ഇനമായ ബോക്സിങുമായി ഇതിന് എന്തെങ്കിലും ബന്ധുമുണ്ടോ... ഒറ്റവാക്കിൽ ബോക്സിങുമായി ബന്ധപ്പെട്ടതാണെന്ന് തോന്നാമെങ്കിലും ഇതുമായി യാതൊരു സാമ്യവുമില്ലെന്നതാണ് യാഥാർത്ഥ്യം. ബോക്സിങ് ഡേ പേരു വന്നതിനെ കുറിച്ച് നിരവധി ചരിത്ര കഥകളാണ് പ്രചരിക്കുന്നത്. ഇതിൽ കൂടുതലായി പറയപ്പെടുന്നത് ഇങ്ങനെയാണ്.
'' ക്രിസ്മസ് ദിവസം പലപ്പോഴും ഷോപ്പുകളും പോസ്റ്റൽ സർവീസുകളും തുറന്നു പ്രവർത്തിച്ചിരുന്നു. ആളുകൾക്ക് സമ്മാനങ്ങൾ വാങ്ങാനും അത് അയച്ചുകൊടുക്കാനുമാണ് ആ ദിവസം വർക്കിംഗ് ഡേ ആയി നിലനിർത്തിയത്. മറ്റുള്ളവർ ആഘോഷത്തിൽ ഏർപ്പെടുമ്പോൾ ഇവർ ജോലിയിൽ മുഴുകുകയാണ് പതിവ്. ഇതിന് പകരമായി, ക്രിസ്മസിന്റെ അടുത്ത ദിവസം ഈ തൊഴിലാളികൾക്ക് സ്ഥാപന മേധാവികൾ അവധി നൽകിവന്നിരുന്നു. അവരുടെ പ്രവർത്തനങ്ങൾക്കുള്ള നന്ദി സൂചകമായി പണവും മറ്റു വസ്തുക്കളും അടങ്ങിയ ക്രിസ്മസ് ബോക്സുകൾ സമ്മാനിക്കുകയും ചെയ്യാറുണ്ട്. സമ്മാനങ്ങൾ അടങ്ങുന്ന ബോക്സ് നൽകുന്ന ദിവസം എന്ന നിലയിലാണ് ക്രിസ്മസ് പിറ്റേന്ന് 'ബോക്‌സിങ് ഡേ' ആയി മാറിയതെന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് പിറ്റേന്ന് ശനിയോ ഞായറോ ആണെങ്കിൽ, തുടർന്നുവരുന്ന തിങ്കൾ ആയിരിക്കും ബോക്‌സിങ് ഡേ ആയി കണക്കാക്കുക.
ക്രിസ്മസ് ദിവസം വീട്ടുകാർക്ക് ഒപ്പം ചെലവഴിക്കാൻ പറ്റാത്തവർ പിറ്റേദിവസം ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നു. ബോണസായി കിട്ടിയ പണവും സമ്മാന പൊതികളുമായി അവർ കുടുംബ സമേതം നഗരത്തിലേക്ക് ഇറങ്ങും. എല്ലാവർക്കും ഒരുമിച്ച് സമയം ചെലവിടാനായി ഈ ദിനം എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾക്കായി തെരഞ്ഞെടുത്തുകൂടാ.. ഈയൊരു ചിന്തയിൽ നിന്നാണ് ബോക്സിങ് ഡേ ക്രിക്കറ്റ് മത്സരങ്ങൾക്ക് ആസ്ത്രേലിയയിൽ ആരംഭിച്ചത്. ഓസീസ് സംസ്‌കാരത്തിന്റെ ഭാഗമായി എല്ലാ വർഷവും നടന്നുവരുന്ന ബോക്സിങ് ഡേ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് സ്ഥിരം വേദിയാകാറുള്ളത്. വരും വർഷങ്ങളിലേക്കുള്ള മത്സര ഷെഡ്യൂൾ ഇപ്പോൾ തന്നെ എം.സി.ജിയിൽ തയാറാകി കഴിഞ്ഞു.
കായിക രംഗത്ത് ബ്രിട്ടൻ, ഓസ്ട്രേലിയ,കാനഡ,ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമാണ് പ്രധാനമായും ബോക്‌സിങ് ഡേ ആഘോഷിക്കുന്നത്. നിലവിൽ സൗത്ത് ആഫ്രിക്കയിലും ബോക്സിങ് ഡേ ടെസ്റ്റ് മാച്ചുകൾ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി സെഞ്ചൂറിയനിലെ സൂപ്പർ സ്പോട് പാർക്കാണ് മത്സരവേദിയാകാറുള്ളത്. ഇത്തവണ പാകിസാതാനെതിരായ ആദ്യ ടെസ്റ്റ് മത്സരമാണ് ബോക്സിങ് ഡേയിൽ അരങ്ങേറുക. 1833 മുതൽ വിദേശ രാജ്യങ്ങളിൽ ബോക്‌സിങ് ഡേ ആചരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ക്രിക്കറ്റിലേക്ക് വരികയാണെങ്കിൽ 1950 കളിലാണ് ബോക്സിങ് ഡേ ടെസ്റ്റുകൾക്ക് തുടക്കമാകുന്നത്. ആസ്ത്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഏറ്റുമുട്ടിയത് ഇതിനും എത്രയോ മുൻപ് ബോക്സിങ് ഡേ മാച്ചുകൾ നടന്നിട്ടുണ്ടെങ്കിലും ആഭ്യന്തര മത്സരങ്ങൾ മാത്രമായിരുന്നു.
ആരാധക പിന്തുണയിലും ബോക്സിങ് ഡേ ടെസ്റ്റ് ഏറെ മുന്നിലാണ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-ഓസീസ് മാച്ചിന്റെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപ് തന്നെ പൂർണമായി വിറ്റുതീർന്നിരുന്നു. ക്രിക്കറ്റ് ബോർഡിന് വലിയ വരുമാനം നൽകുന്ന മത്സരമെന്ന നിലയിലും ഇതോടെ ബോക്സിങ് ഡേ ടെസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് മെൽബൺ ഗ്രൗണ്ടിലെ മത്സരത്തിന് അത്ര മികച്ച റെക്കോർഡ് അല്ല ഉള്ളത്. അവസാന 14 മാച്ചിൽ നാല് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. എട്ട് മാച്ചുകൾ തോറ്റപ്പോൾ രണ്ട് കളി സമനിലയിൽ കലാശിച്ചു. എന്നാൽ 2020ലെ മത്സരത്തിൽ അജിൻക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിൽ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കാൻ ഇന്ത്യക്കായിരുന്നു. ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും ബോക്സിങ് ഡേ പ്രസിദ്ധമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന മത്സരങ്ങൾ ഈ ദിനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യാറുണ്ട്.