ധോണിയുടെ പൂനെയ്ക്ക് രക്ഷകനായി ബെയ്‍ലി വരുന്നു

Update: 2017-05-24 16:00 GMT
Editor : admin
ധോണിയുടെ പൂനെയ്ക്ക് രക്ഷകനായി ബെയ്‍ലി വരുന്നു
ധോണിയുടെ പൂനെയ്ക്ക് രക്ഷകനായി ബെയ്‍ലി വരുന്നു
AddThis Website Tools
Advertising

എന്നാല്‍ കോഴക്കളിയില്‍ കുടുങ്ങി ചെന്നൈ വിലക്ക് വാങ്ങിയതോടെ നായകന്‍ ധോണി അടക്കമുള്ളവരെ വിലക്കെടുത്ത് പുതിയൊരു ടീം പ്രീമിയര്‍ ലീഗില്‍ അരങ്ങേറി.

ഐപിഎല്ലില്‍ അനിഷേധ്യ ശക്തിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. എന്നാല്‍ കോഴക്കളിയില്‍ കുടുങ്ങി ചെന്നൈ വിലക്ക് വാങ്ങിയതോടെ നായകന്‍ ധോണി അടക്കമുള്ളവരെ വിലക്കെടുത്ത് പുതിയൊരു ടീം പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. ധോണിക്കൊപ്പം ചെന്നൈ ടീമില്‍ കരുത്തു തെളിയിച്ച ഒരുപറ്റം താരങ്ങളെയും റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സില്‍ കുടിയിരുത്തി. എന്നാല്‍ പഴയ പ്രതാപത്തിന്റെ അകമ്പടിയൊന്നും ധോണിക്കും കൂട്ടര്‍ക്കും പൂനെയുടെ ജേഴ്‍സിയില്‍ പുറത്തെടുക്കാനായില്ല. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയം മാത്രമാണ് പൂനെയുടെ അക്കൌണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പൂനെ.

ഇതിനിടെയാണ് പരിക്കേറ്റ് സൂപ്പര്‍ താരം ഡുപ്ലിസിസ് സൈഡ് ബെഞ്ചിലെത്തിയത്. ഡുപ്ലിസിസിന് പകരക്കാരനായി ആസ്ട്രേലിയയുടെ ട്വന്റി 20 ടീം മുന്‍ നായകന്‍ ജോര്‍ജ് ബെയ്‍ലി പൂനെയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ പിടിയില്‍ ഓരോ താരങ്ങളായി അമരുമ്പോള്‍ ഇനിയുമൊരു തിരിച്ചുവരവിന് ബെയ്‍ലിയുടെ ബാറ്റ് വഴിയൊരുക്കുമെന്നാണ് പൂനെയുടെ പ്രതീക്ഷ. മിക്ക താരങ്ങള്‍ക്കും താളം കണ്ടെത്താനും ഫോമിലേക്ക് ഉയരാനും കഴിയുന്നില്ല. ഇതിനു പുറമെയാണ് പരിക്ക് വേട്ടയാടുന്നതും. കൊല്‍ക്കത്തക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കെവിന്‍ പീറ്റേഴ്‍സനാണ് ആദ്യം പൂനെയെ വിട്ടുപോയത്. പിന്നാലെ മിച്ചല്‍ മാര്‍ഷിനെയും ഡുപ്ലിസിസിനെയും പരിക്ക് കളത്തിനു പുറത്തെത്തിച്ചു. ടീം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പൂനെ ചീഫ് എക്സിക്യൂട്ടവ് രഘു അയ്യര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാപ്സ്യൂള്‍ ക്രിക്കറ്റില്‍ വേണ്ടുവോളും പരിചയസമ്പത്തുള്ള ബെയ്‍ലിയെ പാളയത്തിലെത്തിക്കാന്‍ പൂനെ ഒരുങ്ങിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമായിരുന്ന ബെയ്‍ലി, ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിക്കൊപ്പവും പാഡണിഞ്ഞിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News