വിദര്‍ഭയും ഝാര്‍ഖണ്ഡും തമ്മിലുള്ള രഞ്ജി മത്സരം ഇന്നുമുതല്‍ വയനാട്ടില്‍
ആദ്യ രണ്ടു ദിവസങ്ങളില്‍ ബാറ്റിങിനും പിന്നീടുള്ള ദിവസങ്ങളില്‍ സ്പിന്‍ ബൗളിങിനും അനുകൂലമായിരിയ്ക്കും പിച്ച്. എന്നാല്‍, വയനാട്ടില്‍ മഞ്ഞു വീഴ്ചയുള്ളതിനാല്‍ പിച്ചിന്റെ സ്വഭാവം മാറാനും സാധ്യത ഏറെയാണ്...
വയനാട്ടിലെ ക്രിക്കറ്റ് പൂരം ഇന്നു തുടങ്ങും. രഞ്ജി ട്രോഫി ക്രിക്കറ്റിലെ വയനാട്ടിലെ ആദ്യമത്സരം വിദര്‍ഭയും ഝാര്‍ഖണ്ഡും തമ്മിലാണ്. ഇന്ത്യന്‍ താരങ്ങളുടെ ക്യാപ്റ്റന്‍സിയിലാണ് ഇരു ടീമുകളും എത്തിയിട്ടുള്ളത്. കൂടാതെ, നിരവധി ഐപിഎല്‍ താരങ്ങളുമുണ്ട്.
ഇന്ത്യന്‍ താരമായ സൗരഭ് തിവാരിയുടെ നേതൃത്വത്തിലാണ് ഝാര്‍ഖണ്ഡ് ടീം എത്തിയിട്ടുള്ളത്. ഫായിസ് ഫസലാണ് വിദര്‍ഭയുടെ ക്യാപ്റ്റന്‍. ഇരു ടീമുകളും നേരത്തെ വയനാട്ടിലെത്തി കൃഷിണഗിരിയില്‍ പരിശീലനത്തിനിറങ്ങി. സ്‌പോര്‍ട്ടിങ് വിക്കറ്റില്‍ നല്ലൊരു മത്സരം കാഴ്ചവെയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. ആദ്യ രണ്ടു ദിവസങ്ങളില്‍ ബാറ്റിങിനും പിന്നീടുള്ള ദിവസങ്ങളില്‍ സ്പിന്‍ ബൗളിങിനും അനുകൂലമായിരിയ്ക്കും പിച്ച്. എന്നാല്‍, വയനാട്ടില്‍ മഞ്ഞു വീഴ്ചയുള്ളതിനാല്‍ പിച്ചിന്റെ സ്വഭാവം മാറാനും സാധ്യത ഏറെയാണ്.
രാവിലെ ഒന്‍പതു മണി മുതലാണ് മത്സരം. നവംബര്‍ 21നു തുടങ്ങുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന മൂന്നാം മത്സരം ഒഡിഷയും മഹാരാഷ്ട്രയും തമ്മിലാണ്. മത്സരങ്ങളില്‍ ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ഉന്മുക്ത് ചന്ദ്, മോഹിത് ശര്‍മ, കേദാര്‍ ജാദവ് തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങളും ഉണ്ടാകും.