ജീവന്‍മരണപോരാട്ടത്തിന് ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും
സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ആറാം മത്സരത്തിനിറങ്ങും. ഗോവ എഫ്‍സിയാണ് എതിരാളികള്‍. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്‍പ്പെടെ അഞ്ച് പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് ഗോവക്കെതിരെ ജയിക്കാനായാല്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്താം ബ്ലാസ്റ്റേഴ്സിന്. ഒപ്പം സെമി സാധ്യത നിലനിര്‍ത്തുകയും ചെയ്യാം. പൂനെക്കെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരിക്കും കോച്ച് കോപ്പല്‍ ഇന്നും അണി നിരത്തുക. മധ്യനിരയില്‍ ആരോണ്‍ ഹ്യൂസ്-ഹെങ്ബര്‍ത്ത് സഖ്യം മികച്ച ഫോമിലാണെന്നത് ടീമിന് ആത്മവിശ്വാസം പകരുന്നു. മൈക്കല്‍ ചോപ്ര-മുഹമ്മദ് റാഫി സഖ്യം തന്നെയായിരിക്കും മുന്നേറ്റ നിരയില്‍. മറുവശത്ത് മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഗോവ. അഞ്ച് കളികളില്‍ നിന്നും നാല് പോയിന്റുമായി അവസാന സ്ഥാനത്തുള്ള ഗോവക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്. ഗോവയുടെ ഹോംഗ്രൌണ്ടില്‍ വൈകീട്ട് ഏഴിനാണ് മത്സരം.