കേരള പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം
സാറ്റ് മലപ്പുറവും എഫ്സി തൃശൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ മൂന്ന് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇക്കുറി കെപിഎല്‍ കിക്കോഫിനൊരുങ്ങുന്നത്.
കേരള പ്രീമിയല്‍ ലീഗിന്‍റെ നാലാം സീസണിന് ഇന്ന് തിരൂരില്‍ തുടക്കമാകും. സാറ്റ് മലപ്പുറവും എഫ്സി തൃശൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ മൂന്ന് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പുതുമകളോടെയാണ് ഇക്കുറി കെപിഎല്‍ കിക്കോഫിനൊരുങ്ങുന്നത്.
സംസ്ഥാനത്തെ വമ്പന്മാരായ പത്ത് ടീമുകള്‍. രണ്ട് ഗ്രൂപ്പുകള്‍. വിവിധ ജില്ലകളിലായി ആറ് വേദികള്‍. സ്വന്തം തട്ടകത്തിലും എതിര്‍തട്ടകത്തിലുമായി 43 മത്സരങ്ങള്‍. കേരളത്തിന്‍റെ മിനി ഐഎസ്എല്ലിന് ഇന്ന് തിരൂരില്‍ പന്തുരുളുകയാണ്. ഗോകുലം എഫ്സി, കെഎസ്ഇബി, എഫ്സി കേരള, ക്വാര്‍ട്സ് എഫ്സി, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍. നിലവിലെ ചാമ്പ്യന്‍മാരായ എസ്ബിടി (എസ്ബിഐ), കേരള പൊലീസ്, എസ്എടി തിരൂര്‍, എഫ്സി തൃശൂര്‍, നിലവിലെ രണ്ടാംസ്ഥാനക്കാരായ സെന്‍ട്രല്‍ എക്സൈസ് എന്നിവര്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.
സെമിയും ഫൈനലുമടക്കം 43 മത്സരങ്ങളാണ് ലീഗില്‍ ഇക്കുറി. രണ്ടു ഗ്രൂപ്പുകളിലായി ആദ്യ റൌണ്ടില്‍ 40 കളി നടക്കും. കേരള ബ്ളാസ്റ്റേഴ്സിന്‍റെ സാങ്കേതിക സഹായത്തോടെയായിരിക്കും ലീഗ് മത്സരങ്ങള്‍ നടത്തുകയെന്നതും ഇപ്രാവശ്യത്തെ സവിശേഷതയാണ്. ആഭ്യന്തര താരങ്ങള്‍ക്ക് പുറമെ പ്രതിഭാധനരായ ഒരുപിടി വിദേശ താരങ്ങളും ഓരോ ടീമുകളും അണിനിരക്കുന്നുണ്ട്. ഇന്ന് വൈകീട്ട് 7.30ന് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എഫ്സി തൃശൂരിന് എതിരാളികള്‍ മലപ്പുറത്തിന്റെ ശക്തികളായ സാറ്റ് മലപ്പുറമാണ്. മീഡിയവണ്‍ ചാനലാണ് ടീമിന്‍റെ ഔദ്യോഗിക മീഡിയപാര്‍ട്ണര്‍.