റഷ്യക്ക് ആശ്വാസം; റിയോയില്‍ സമ്പൂര്‍ണ വിലക്കില്ല
നേരത്തെ വിലക്കുള്ളവര്‍ക്ക് ഒളിമ്പിക്സില്‍ റഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കഴിയില്ല
റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് റഷ്യക്ക് സമ്പൂര്‍ണ വിലക്കില്ല. നേരത്തെ വിലക്കുള്ളവര്‍ക്ക് ഒളിമ്പിക്സില്‍ റഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ കഴിയില്ല. മറ്റു താരങ്ങള്‍ പങ്കെടുക്കുന്നത് അതത് അന്താരാഷ്ട്ര കായിക ഫെഡറേഷനുകള്‍ക്ക് തീരുമാനിക്കാം. നിലവില്‍ 68 താരങ്ങള്‍ക്കാണ് വിലക്കുള്ളത്. രാജ്യാന്തര കായിക സമിതിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇവര്‍ പങ്കെടുക്കുക. രാജ്യാന്തര ഒളിമ്പിക് സമിതിയുടേതാണ് തീരുമാനം. റഷ്യ മാത്രമല്ല കായിക ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനമാണ് ഇതോടെ വന്നിരിക്കുന്നത്. ഉത്തേജക മരുന്നുപയോഗം തെളിഞ്ഞതിനെ തുടര്‍ന്ന് റഷ്യയെ ഒളിമ്പിക്സില്‍ നിന്നും വിലക്കിയ നടപടി കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്ക പരിഹാര കോടതിയും ശരിവെച്ചിരുന്നു.
സര്‍ക്കാര്‍ സഹായത്തോടെ ഉത്തേജക മരുന്നുപയോഗിച്ചെന്ന ആരോപണം തെളിഞ്ഞതോടെയാണ് റഷ്യയെ ഒളിമ്പിക്സില്‍ നിന്നും വിലക്കിയത്. നടപടിയെ ചോദ്യം ചെയ്ത് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയും 68 കായിക താരങ്ങളും സമര്‍പ്പിച്ച ഹരജി ലോക കായിക തര്‍ക്ക പരിഹാര കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനമെടുക്കാന്‍ ഐഒസി ഇന്ന് യോഗം ചേര്‍ന്നത്. കോടതി വിധി വന്നതോടെ ഐഒസിയുടെ തീരുമാനവും ആ വഴിക്കാകുമെന്നായിരുന്നു സൂചനയെങ്കിലും റഷ്യയെ പൂര്‍ണമായും ഒഴിവാക്കുക നീതിയല്ലെന്ന നിലപാടിലാണ് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനം ഒളിമ്പിക് സമിതി കൈക്കൊണ്ടത്. റഷ്യയെ ഒഴിവാക്കുന്നതിൽ ഐഒസിയിൽ എതിരഭിപ്രായമുണ്ടായിരുന്നു. യുഎസിന്റെ നേതൃത്വത്തിൽ ചില രാജ്യങ്ങൾ റഷ്യയെ പൂർണമായും വിലക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ യൂറോപ്പ് എതിര്‍ നിലപാടാണ് സ്വീകരിച്ചത്. കളങ്കിതരല്ലാത്ത അത്‌ലറ്റുകളെ പങ്കെടുപ്പിക്കണമെന്നായിരുന്നു ഇവരുടെ വാദം. ഈ നിലപാടിന് ഐഒസിയും പച്ചക്കൊടി കാണിക്കുകയായിരുന്നു. ആഗസ്ത് അഞ്ചിനാണ് ലോക മാമാങ്കത്തിന് റിയോയില്‍ അഗ്നിതെളിയുക.