കിവികളെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍
ജയത്തോടെ ഐസിസി ലോക റാങ്കിംഗില്‍ ലങ്കക്ക് മുകളിലായി ആറാം സ്ഥാനത്തേക്ക് ബംഗ്ലാദേശ് കുതിച്ചു. സെപ്റ്റംബര്‍ 30ന് ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകള്‍ 2019 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത.....
ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ കലാശപ്പോരില്‍ കിവികള്‍ക്ക് ബംഗ്ലാ ഷോക്ക്. അഞ്ച് വിക്കറ്റുകള്‍ക്കാണ് ന്യൂസിലാന്‍ഡിനെ ബംഗ്ലാദേശ് മലര്‍ത്തിയടിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 271 റണ്‍ വിജയലക്ഷ്യം പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ബംഗ്ലാ കടുവകള്‍ മറികടന്നു. മുഷ്ഫീഖര്‍ റഹീമും മഹ്മദുള്ളയും തമ്മിലുള്ള അപരാജിത 72 കൂട്ടുകെട്ടാണ് വിദേശമണ്ണില്‍ ന്യൂസിലാന്‍ഡിനെതിരായ കന്നി ജയത്തിലേക്ക് ബംഗ്ലാദേശിനെ നയിച്ചത്. മുഷ്ഫീഖര്‍ 45 റണ്‍ നേടി. 36 പന്തുകളില്‍ നിന്നും ആറ് ബൌണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 46 റണ്‍സിലേക്ക് കുതിച്ച മഹ്മദുള്ളയായിരുന്നു കൂട്ടത്തില്‍ ഏറ്റവും അപകടകാരി. ഓപ്പണര്‍ തമീം ഇഖ്ബാലും സാബിര്‍ റഹ്മാനും 65 റണ്‍ വീതം നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികള്‍ ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ പിടിമുറുക്കിയ ബംഗ്ലാദേശ് ബൌളര്‍മാര്‍ കിവികളുടെ മുന്നേറ്റം തടഞ്ഞു. അവസാന 12 ഓവറുകളില്‍ 62 റണ്‍ മാത്രമാണ് പിറന്നത്. 84 റണ്‍സെടുത്ത ലാഥമും 63 റണ്‍സെടുത്ത നീല്‍ ബ്രൂമും ചേര്‍ന്ന് 133 റണ്‍ കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ന്യൂസിലാന്‍ഡിന്‍റെ അവിശ്വസനീയമായ തകര്‍ച്ച. ജയത്തോടെ ഐസിസി ലോക റാങ്കിംഗില്‍ ലങ്കക്ക് മുകളിലായി ആറാം സ്ഥാനത്തേക്ക് ബംഗ്ലാദേശ് കുതിച്ചു. സെപ്റ്റംബര്‍ 30ന് ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകള്‍ 2019 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.