2022 ഖത്തര്‍ ലോകകപ്പ് മാറ്റിവെക്കുമോ? ആശങ്കയില്‍ ഫുട്ബോള്‍ ലോകം
2022 ഫുട്ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങള്‍ പലതും തയ്യാറായിക്കഴിഞ്ഞു. ചിലത് അവസാന ഘട്ടത്തിലാണ്
ഗള്‍ഫ് മേഖലയിലെ നിലവിലെ പ്രതിസന്ധി 2022 ഖത്തര്‍ ലോകകപ്പിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയിലാണ് ഫുട്ബോള്‍ ലോകം. എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തമായ നിലപാട് അറിയിക്കാന്‍ ഫിഫ തയ്യാറായില്ല. ഖത്തറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒരുക്കങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഫിഫ അറിയിച്ചു.
2022 ഫുട്ബോള്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങള്‍ പലതും തയ്യാറായിക്കഴിഞ്ഞു. ചിലത് അവസാന ഘട്ടത്തിലാണ്. ഹോട്ടലുകളുടെ നിര്‍മാണത്തിനും അടിസ്ഥാന സൌകര്യവികസനത്തിനുമെല്ലാം വലിയ പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ മറികടക്കാന്‍ എല്ലാ സ്റ്റേഡിയങ്ങളിലും ശീഥീകരണ സംവിധാനവും ഒരുക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി ഇതിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ ഫിഫ ഇതുവരെ ഈ വിഷയങ്ങളില്‍ ഒരു നിലപാട് വ്യക്തമാക്കിയിട്ടില്ല. മറിച്ച് ഫുട്ബോള്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ വ്യക്തമാക്കി. മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും എഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും നിലപാട് അറിയിച്ചിട്ടില്ല. 2018 റഷ്യയില്‍ നടക്കുന്ന ക്വാളിഫയര്‍ മത്സരത്തിലാണ് ഖത്തര്‍ ഇപ്പോഴുള്ളത്. ഗ്രൂപ്പില്‍ 7 മത്സരങ്ങളില‍്‍ നിന്ന് നാല് പോയിന്റുമായി അവസാന സ്ഥാനത്താണവര്‍. ദക്ഷിണ കൊറിയ, ചൈന, സിറിയ എന്നിവരെ ഇനി നേരിടാനുണ്ട്. ഗ്രൂപ്പില്‍ മൂന്നാമന്മാരായി ഫിനിഷ് ചെയ്യാനുള്ള അവസരം ഖത്തറിന് വളരെ കുറവാണ്. 2022 ലെ ലോകകപ്പ് ഖത്തറിന് ആഗോള കായിക രംഗത്ത് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള അവസരം കൂടിയാണ്. ഈ വര്‍ഷം നിരവധി മത്സരങ്ങളാണ് ഖത്തര്‍ ഒരുക്കുന്നത്. പത്താമത് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പിനും ഐഎഎഎഫ് ഡയമണ്ട് ലീഗ് അത്‍ലറ്റിക് മീറ്റിനും ഖത്തര്‍ ഇതിനോടകം ആതിഥ്യമരുളി. സെപ്റ്റംബറില്‍ ഫിന സ്വിമ്മിങ് ലോകകപ്പ് നടക്കുന്നതും ഖത്തറില്‍ തന്നെ. നിലവിലെ പ്രതിസന്ധികള്‍ ഖത്തറിന്റെ ഒരുക്കങ്ങള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു