ധോണിക്ക് ചുറ്റും ഫീല്‍ഡര്‍മാരെ ഒരുക്കി ഗംഭീര്‍
സില്ലി പോയിന്‍റിലെത്തിയ ഗംഭീര്‍ രണ്ട് സ്ലിപ്പുകളും ഒരു ഷോര്‍ട്ട് ലെഗിനെയും വിന്യസിച്ച് ധോണിയെ പൂട്ടി. 22 പന്തുകളില്‍ നിന്നും....
മികച്ച ഫിനിഷര്‍മാരിലൊരാളെന്ന പഴയ പ്രതാപത്തിന്‍റെ നിഴലിലാണ് ഇന്ത്യന്‍ ഏകദിന നായകന്‍ ധോണി ഇപ്പോള്‍. അന്താരാഷ്ട്ര ക്രിക്കറ്റായാലും ഐപിഎല്‍ ആയാലും ടീമിന്‍റെ രക്ഷകനായി ധോണി ഉദിച്ചുയര്‍ന്ന കാലം കുറച്ചായി. ഐപിഎല്ലില്‍ പൂനൈ ടീമിനെ ജയത്തിലേക്ക് നയിക്കാനുതകുന്ന ഇന്നിങ്സ് കെട്ടഴിക്കാന്‍ ചുരുങ്ങിയത് മൂന്ന് മത്സരങ്ങളെങ്കിലും ധോണിക്ക് ലഭിച്ചെങ്കിലും ഒന്നു പോലും മുതലെടുക്കാനായില്ല.
ധോണിയുടെ ഈ അവസ്ഥ നന്നായി മനസിലാക്കിയാണ് കൊല്‍ക്കൊത്ത നായകനും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൌതം ഗംഭീര്‍ ധോണിക്കായി ഫീല്‍ഡ് ഒരുക്കുന്നത്. ആദ്യ മത്സരത്തില്‍ ധോണി കളത്തിലെത്തിയ ഉടന്‍ ഹെല്‍മറ്റ് അണിഞ്ഞ് സില്ലി പോയിന്‍റിലെത്തിയ ഗംഭീര്‍ ബാറ്റിനു ചുറ്റും ഫീല്‍ഡര്‍മാരെ നിരത്തി.
ഇന്നലെ നടന്ന മത്സരത്തിലും അതേ തന്ത്രം തന്നെ ഗംഭീര്‍ പയറ്റി. സില്ലി പോയിന്‍റിലെത്തിയ ഗംഭീര്‍ രണ്ട് സ്ലിപ്പുകളും ഒരു ഷോര്‍ട്ട് ലെഗിനെയും വിന്യസിച്ച് ധോണിയെ പൂട്ടി. 22 പന്തുകളില്‍ നിന്നും കേവലം എട്ടു റണ്‍സെന്ന നിലയിലേക്ക് ധോണി സ്വയം ഒരു പരിഹാസ പാത്രമായി മാറിയതിന് പിന്നിലെ വലിയൊരു ഘടകം ഗംഭീറിന്‍റെ തന്ത്രത്തിന്‍റെ വിജയമായിരുന്നു. തുഴഞ്ഞു നീങ്ങുന്ന ധോണിയെയെയാണ് ഇപ്പോള്‍ ക്രീസില്‍ കാണാറുള്ളതെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഗംഭീര്‍.