ടോം ജോസഫിനെ പുറത്താക്കി; വോളിബോള്‍ അസോസിയേഷനെതിരെ നടപടിക്ക് സര്‍ക്കാര്‍
വിഷയത്തില്‍ അന്വേഷണം നടത്താന്‍ സ്പോര്‍ട്സ് കൌണ്‍സിലിനെ മന്ത്രി ചുമതലപ്പെടുത്തി.
അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെ പുറത്താക്കിയ വോളിബോള്‍ അസോസിയേഷനെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നീക്കം. താരത്തെ അപമാനിച്ച് പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ മീഡിയവണിനോട് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സ്പോര്‍ട്സ് കൌണ്‍സിലിനെ മന്ത്രി ചുമതലപ്പെടുത്തി.
വോളിബോള്‍ അസോസിയേഷനെതിരെ ടോം ജോസഫ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കായിക മന്ത്രിയുടെ ഇടപെടല്‍. കായിക താരത്തെ അപമാനിച്ച അസോസിയേഷന്‍ ഭാരവാഹികളെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ചരിത്രത്തില്‍ കേട്ടിട്ടില്ലാത്തതാണ് സംഭവിച്ചതെന്ന് പ്രതികരിച്ചു. അസോസിയേഷന്റെ കാല് നക്കിയാണ് ടോം ജോസഫ് അര്‍ജുന അവാര്‍ഡ് നേടിയതെന്ന അസോസിയേഷന്‍ ഭാരവാഹികളുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതേ തുടര്‍ന്നാണ് അസോസിയേഷനില്‍ സര്‍വത്ര അഴിമതിയാണെന്നും വനിതാ താരങ്ങളെ പീഡിപ്പിക്കുന്നെന്നും സംഘടന പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് കായിക മന്ത്രിക്ക് കത്തയച്ചത്.