ഗോവയെ തകര്‍ത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‍സ്

Update: 2018-05-06 10:15 GMT
Editor : Alwyn K Jose
ഗോവയെ തകര്‍ത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‍സ്
Advertising

ഫത്തോര്‍ഡയിലെ തട്ടകത്തില്‍ കഴിഞ്ഞ വര്‍ഷം ഗോവയോടേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‍സ് പകരംവീട്ടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മധുരപ്രതികാരം വീട്ടി കേരള ബ്ലാസ്റ്റേഴ്‍സ്. ഫത്തോര്‍ഡയിലെ തട്ടകത്തില്‍ കഴിഞ്ഞ വര്‍ഷം ഗോവയോടേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‍സ് പകരംവീട്ടി. മലയാളി താരം മുഹമ്മദ് റാഫിയുടേയും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെയും മിന്നുംഗോളില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‍സിന്റെ വിജയാഘോഷം.

24 ാം മിനിറ്റില്‍ ജൂലിയോ സീസറിലൂടെ ആധിപത്യം നേടിയ ഗോവക്ക് പക്ഷേ ബ്ലാസ്റ്റേഴ്‍സിന്റെ മിന്നലാക്രമണത്തെ തടുത്തുനിര്‍ത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. കാല്‍പ്പന്തുകളിയുടെ കളിത്തൊട്ടിലില്‍ ബ്ലാസ്റ്റേഴ്‍സ് താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ഗോവ തകര്‍ന്നടിഞ്ഞു. 46 ാം മിനിറ്റില്‍ മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‍സ് സമനില പിടിച്ചു. ഇതോടെ വിജയഗോളിനായി ഇരു ടീമുകളും ആക്രമണം കടുപ്പിച്ചതോടെ പലവട്ടം റഫറി കാര്‍ഡ് ഉയര്‍ത്തി. ഒടുവില്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ജോസു കുറൈസ് നല്‍കിയ പാസില്‍ നിന്നു ബെല്‍ഫോര്‍ട്ട് ഗോവന്‍ വല തുളച്ചതോടെ ബ്ലാസ്റ്റേഴ്‍സ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഇളകിമറിഞ്ഞു. ബ്ലാസ്റ്റേഴ്‍സിനെ സമനിലയില്‍ തളക്കാനുള്ള ഗോവയുടെ അവസാന നിമിഷങ്ങളിലെ കടുത്തശ്രമങ്ങള്‍ കൈയ്യാങ്കളി വരെയെത്തി. ഇഞ്ചുറി ടൈമിലെ ഫൌളും ഇതേത്തുടര്‍ന്ന് മൈതാനത്ത് അരങ്ങേറിയ കൊമ്പുകോര്‍ക്കലിനും റാഫേല്‍ ഡുമാസിനും ഡങ്കന്‍സ് നാസോണിനും റഫറി മഞ്ഞ കാര്‍ഡ് വിധിച്ചു. അവസാനം വരെ പൊരുതി നോക്കിയെങ്കിലും ബ്ലാസ്റ്റേഴ്‍സിന്റെ പ്രതിരോധത്തെ തുളക്കാന്‍ മാത്രം മൂര്‍ച്ച ഗോവന്‍ ആയുധങ്ങള്‍ക്കുണ്ടായിരുന്നില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News