ബോള്‍ട്ടിന്റെ പകരക്കാരനാകാന്‍ വെയ്ഡ്
100 മീറ്റര്‍ 10 സെക്കന്റുകള്‍ക്ക് താഴെയും, 200 മീറ്റര്‍ 20 സെക്കന്റുകള്‍ക്ക് താഴെയും, 400 മീറ്റര്‍ 44 സെക്കന്റുകള്‍ക്ക് താഴെയും പൂര്‍ത്തീകരിച്ച ഏക കായിക താരവും വാന്‍ നികേര്‍ക്കാണ്
ലണ്ടനിലെ ലോക അത്‌ലറ്റിക് മീറ്റോടെ ട്രാക്കിനോട് വിടപറയുകയാണ് ഉസൈന്‍ ബോള്‍ട്ട്. ബോള്‍ട്ടിന് പകരം വെക്കാന്‍ ആരും ഇല്ലാ എന്ന് പറയുന്നവര്‍ക്ക് മറുവാക്കാകുകയാണ് വെയ്ഡ് വാന്‍ നികേര്‍ക്ക് എന്ന താരം.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഈ 25 കാരനെ ഒരു പ്രതിഭാസമായാണ് കായിക ലോകം കാണുന്നത്. 'ലോക അത് ലറ്റിക്‌സിന്റെ പുതിയ വഴികാട്ടിയാണ് വാല്‍നികേര്‍ക്ക്', ഇത് പറഞ്ഞത് മറ്റാരുമല്ല. സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ്. ഇത് വെറുംവാക്കല്ല എന്ന്, അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പരിഷോധിച്ചാല്‍ മനസ്സിലാകും.'ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും' എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു ഉത്തമ കായിക താരത്തിന്റെ അത്മവിശ്വാസവും നിശ്ചയദാര്‍ഡ്യവും കാണാന്‍ കഴിയും.
25 വയസ്സുള്ള ഈ ചെറുപ്പക്കാരന്‍ ചുരുങ്ങിയ കാലയളവില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ അനവധിയാണ്. 2016ലെ റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ 43.03 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി ലോകറെക്കോര്‍ഡ് കുറിച്ചു. 1995 മൈക്കിള്‍ ജോണ്‍സണ്‍ കുറിച്ച 43.18 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 100 മീറ്റര്‍ 10 സെക്കന്റുകള്‍ക്ക് താഴെയും, 200 മീറ്റര്‍ 20 സെക്കന്റുകള്‍ക്ക് താഴെയും, 400 മീറ്റര്‍ 44 സെക്കന്റുകള്‍ക്ക് താഴെയും പൂര്‍ത്തീകരിച്ച ഏക കായിക താരവും വാന്‍ നികേര്‍ക്കാണ്. ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിനുള്ള തയ്യാറെടുപ്പിലാണ് താരം.