സമനിലയില്‍ കുരുങ്ങി ചെന്നൈ - ബ്ലാസ്റ്റേഴ്‍സ് പോരാട്ടം
ചെന്നൈയിന്‍ എഫ്‍സിയുടെ സ്വന്തം തട്ടകത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‍സുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ദക്ഷിണേന്ത്യന്‍ ഡെര്‍ബി പോരാട്ടം സമനിലയില്‍. ചെന്നൈയിന്‍ എഫ്‍സിയുടെ സ്വന്തം തട്ടകത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‍സുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ പകുതിയിലെ ആലസ്യത്തില്‍ നിന്നും മോചിതരായി രണ്ടാം പകുതിയില്‍ ഇരുകൂട്ടരും വജ്രായുധങ്ങളുമായി കളം നിറഞ്ഞെങ്കിലും മികച്ചൊരു ഫിനിഷറുടെ ബൂട്ടിന്റെ കുറവ് നികത്താന്‍ ഇരുപക്ഷത്തും ആര്‍ക്കുമായില്ല.
നിരവധി തുറന്ന അവസരങ്ങളും മുന്നേറ്റങ്ങളുമുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 63 ശതമാനം സമയത്തും പന്ത് കൈവശം വെക്കാന്‍ കഴിഞ്ഞ ബ്ലാസ്റ്റേഴ്‍സായിരുന്നു കളിയിലെ കേമന്‍മാര്‍. അവസാന മിനിറ്റുകളിലേക്ക് ചെന്നൈയിന്‍ കരുതിവെച്ച അവരുടെ കുന്തമുന ജെജെ കളത്തിലിറങ്ങിയതോടെ പോര് മുറുകിയെങ്കിലും ഗോള്‍വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. ഇതിനിടെ സമനില ഉറപ്പിച്ച് റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ മൈതാനത്തിന്റെ ഒരു ഭാഗത്ത് ചെന്നൈയിന്‍, ബ്ലാസ്റ്റേഴ്‍സ് താരങ്ങള്‍ പരസ്‍പരം കൊമ്പുകോര്‍ത്ത് തുടങ്ങുകയായിരുന്നു. മത്സരശേഷം കയ്യാങ്കളിയിലേക്ക് നീങ്ങിയ പടപ്പുറപ്പാട് റഫറിയും കോച്ചുമാരും ഇടപെട്ടാണ് ഒതുക്കിതീര്‍ത്തത്. ഇതോടെ ഓരോ പോയിന്റുകള്‍ പങ്കുവെച്ച് ഇരുടീമുകളും പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ നാലാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും തുടരുകയാണ്.