മെസ്സി ബാഴ്‍സലോണയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നു
നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന്‍ കാരണമെന്നും പറയുന്നു
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‍സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്പെയിനിലെ ഒരു സ്പോര്‍ട്സ് മാസികയാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന്‍ കാരണമെന്നും പറയുന്നു.
മെസി ബാഴ്‍സ വിടുന്നു എന്ന വാര്‍ത്ത കുറച്ച് കാലങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴായി താരം തന്നെ രംഗത്തെത്തി ഇത് നിഷേധിക്കുകയും ചെയ്തു. കളി അവസാനിക്കുന്നത് വരെ ബാഴ്‍സയില്‍ തുടരാനാണ് ആഗ്രഹമെന്നാണ് അന്നെല്ലാം മെസ്സി പറഞ്ഞിരുന്നത്. എന്നാല്‍ ഇനി ബാഴ്‍സയുമായി കരാര്‍ നീട്ടിയേക്കില്ലെന്നാണ് ഇപ്പോള്‍ സ്പെയിനില്‍ നിന്നുള്ള ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‍സ ടീം അധികൃതരുമായി ഇക്കാര്യം മെസി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‍സലോണയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് ക്ലബ് വിടാന്‍ കാരണമായി പറയുന്നത്. നികുതി വെട്ടിപ്പ് കേസില്‍ മെസ്സിക്കും പിതാവിനും 21 മാസത്തെ തടവ് ശിക്ഷ ബാഴ്‍സലോണ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മെസി ക്ലബ്ബ് വിടുന്നു എന്നതിനോട് ബാഴ്‍സയുടെ പുതിയ പ്രതികരണം വന്നിട്ടില്ല. മെസി ടീമില്‍ ഉണ്ടാകുമെന്ന് നേരത്തെ ടീം വ്യക്തമാക്കിയിരുന്നു.