അന്നത്തെ ചോരക്കളി ഫ്രഞ്ച് പട മറന്നിട്ടില്ല, ജര്‍മനിയും മറക്കരുത്...
ഫ്രാന്‍സ്- ജര്‍മ്മനി മത്സരങ്ങളില്‍ പലപ്പോഴും ആവേശം അതിര് കടക്കാറുണ്ട്. ഇരു രാജ്യങ്ങളുടെയും വൈരത്തിന് ആക്കം കൂട്ടിയ മത്സരമായിരുന്നു 1982ലെ ലോകകപ്പ് സെമി ഫൈനല്‍.
ഫ്രാന്‍സ്- ജര്‍മ്മനി മത്സരങ്ങളില്‍ പലപ്പോഴും ആവേശം അതിര് കടക്കാറുണ്ട്. ഇരു രാജ്യങ്ങളുടെയും വൈരത്തിന് ആക്കം കൂട്ടിയ മത്സരമായിരുന്നു 1982ലെ ലോകകപ്പ് സെമി ഫൈനല്‍. ട്രാജഡി ഓഫ് സെവിയ്യ എന്നാണ് ഈ മത്സരത്തിലുണ്ടായ ഒരു ഫൌള്‍ അറിയപ്പെടുന്നത്. രക്തം കണ്ട മത്സരത്തില്‍ ജയിച്ചത് ജര്‍മനിയായിരുന്നു
അധിക സമയത്തിനുള്ളില്‍ മൂന്ന് ഗോള്‍ വീതം നേടി സമനില. ഷൂട്ടൌട്ടില്‍ പ്ലാറ്റിനിയുടെ ഫ്രാന്‍സിന് തോല്‍വി. മത്സര നിലവാരം കൊണ്ട് ഓര്‍മിക്കാന്‍ ഏറെ പ്രത്യേകതകളുള്ള മത്സരം പക്ഷേ ഓര്‍മിക്കപ്പെടുന്നത് ഒരു ഫൌളിന്റെ പേരിലാണ്. ഫ്രഞ്ച് താരം പാട്രിക് ബാസ്റ്റിസ്റ്റനെ ജര്‍മ്മന്‍ ഗോളി ഹെറാള്‍ഡ് ഷൂമാക്കര്‍ മാരകമായി ചെയ്ത ഫൌളിന്റെ പേരില്‍. മത്സരം സമനിലയില്‍ നില്‍ക്കുമ്പോള്‍ അമ്പതാം മിനിറ്റിലാണ് ബാസ്റ്റിസ്റ്റണ്‍ കളത്തിലിറങ്ങുന്നത്. പ്ലാറ്റിനിയുടെ പാസുമായി മുന്നേറിയ ബാസ്റ്റിസ്റ്റന്റെ മുഖത്തേക്ക് ഷൂമാക്കര്‍ ചാടി. ഷൂമാക്കറുടെ മുട്ടുകൈ ബാസ്റ്റിസ്റ്റന്റെ മുഖത്ത് ആഞ്ഞുപതിച്ചു. ബാറ്റിസ്റ്റണ് ബോധം നഷ്ടമായി. രണ്ട് പല്ലുകള്‍ നഷ്ടമായി. മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നു. നട്ടെല്ലിന് ക്ഷതമേറ്റു. ലോകം മുഴുവന്‍ തലയില്‍ കൈവെച്ചിട്ടിട്ടും രണ്ട് പേര്‍ മാത്രം കുലുങ്ങിയില്ല. റഫറിയും ജര്‍മന്‍ ഗോളിയും. ഇത്രയുമുണ്ടായിട്ടും റഫറി അത് ഫൌള്‍ വിളിച്ചില്ല. ഫൌളില്‍ സങ്കടമില്ലെന്ന ജര്‍മന്‍ ഗോളിയുടെ മത്സരശേഷമുള്ള പ്രസ്താവന ആരാധകരെ ചൊടിപ്പിച്ചു. ഷൂട്ടൌട്ടിനൊടുവില്‍ മത്സരം ജര്‍മനി ജയിക്കുകയും ചെയ്തു. ഓരോ തവണയും ജര്‍മനി എതിരാളികളായി വരുമ്പോള്‍ ഫ്രാന്‍സുകാരുടെ മനസില്‍ ഈ മത്സരമുണ്ടാകും. അത് കൊണ്ടാകണം. ഇന്നലെ ഒലിവര്‍ ജെറാഡ് കണക്കുകള്‍ തീര്‍ക്കാനുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.