ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; ത്രില്ലർ പോരിൽ പാകിസ്താനെതിരെ രണ്ട് വിക്കറ്റ് ജയം
ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന കഗിസോ റബാഡെ-മാർക്കോ ജാൻസൻ കൂട്ടുകെട്ടാണ് ജയമൊരുക്കിയത്.
സെഞ്ചൂറിയൻ: ബോക്സിങ് ഡേ ടെസ്റ്റിൽ പാകിസ്താനെതിരെ രണ്ട് വിക്കറ്റിന്റെ ത്രില്ലർ ജയവുമായി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചു. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പ്രോട്ടീസുകാർ മറികടന്നത്. ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന കഗിസോ റബാഡെ(31), മാർക്കോ ജാൻസൻ(16) കൂട്ടുകെട്ടാണ് (51)വിജയമൊരുക്കിയത്. ആദ്യ ഇന്നിങ്‌സിൽ 89 റൺസും രണ്ടാം ഇന്നിങ്‌സിൽ 37 റൺസും നേടിയ എയ്ഡൻ മാർക്രമാണ് കളിയിലെ താരം. സ്‌കോർ: പാകിസ്താൻ-211, 237, ദക്ഷിണാഫ്രിക്ക-301,150-൮
𝙁𝙄𝙍𝙎𝙏 𝙁𝙄𝙉𝘼𝙇𝙄𝙎𝙏 𝘾𝙊𝙉𝙁𝙄𝙍𝙈𝙀𝘿 🇿🇦
— ICC (@ICC) December 29, 2024
South Africa are headed to Lord's for the #WTC25 Final 🤩 #SAvPAK ➡ https://t.co/vWLh4MSQjm pic.twitter.com/sZ5QBnDAYD
പ്രോട്ടീസുകാർ അടുത്ത വർഷം ജൂണിൽ നടക്കുന്ന ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചതോടെ എതിരാളികൾ ആരാകുമെന്നതാണ് ഇനി അറിയേണ്ടത്. നിലവിൽ ഇന്ത്യക്കോ ആസ്‌ത്രേലിയക്കോ ആണ് സാധ്യത കൂടുതൽ. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ജയം നേടാനായാൽ ഇന്ത്യക്ക് പ്രവേശിക്കാം. മറിച്ചാണെങ്കിൽ അടുത്ത ശ്രീലങ്കൻ പര്യടനത്തിൽ ആസ്‌ത്രേലിയ തോറ്റാൽ മാത്രമാകും ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി തെളിയുക. നിലവിൽ പോയന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസീസ് രണ്ടാമതുമാണ്. മൂന്നാമതാണ് ഇന്ത്യ.
സെഞ്ചൂറിയനിൽ 148 റൺസിന്റെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആതിഥേയരുടെ തുടക്കം മികച്ചതായില്ല. എന്നാൽ നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ടെംബ ബാഹുമയും(40) എയ്ഡൻ മാർക്രവും(37) ചേർന്നുള്ള സഖ്യം പ്രതീക്ഷ നൽകി. എന്നാൽ ഇരുവരും പുറത്തായതോടെ ടീം വീണ്ടും തിരിച്ചടിനേരിട്ടു. ആദ്യ ഇന്നിങ്‌സിൽ 81 റൺസെടുത്ത അരങ്ങേറ്റ ടെസ്റ്റ് കളിച്ച കോർബിൻ ബോഷ് രണ്ടാം ഇന്നിങ്‌സിൽ പൂജ്യത്തിന് മടങ്ങി. എന്നാൽ ഒൻപതാം വിക്കറ്റിൽ റബാഡയും ജാൻസനും ചേർന്ന് പ്രോട്ടീസുകാരെ ജയത്തിലെത്തിച്ചു. പാകിസ്താനായി മുഹമ്മദ് അബ്ബാസ് ആറു വിക്കറ്റ് വീഴ്ത്തി