ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയത് മൂന്ന് ക്യാച്ച് അവസരം; തലയിൽ കൈവെച്ച് രോഹിത്- വീഡിയോ

46 റൺസിൽ നിൽക്കെ ലബുഷെയിനെ വിട്ടുകളഞ്ഞ ജയ്‌സ്വാൾ പിന്നാലെ പാറ്റ് കമ്മിൻസ് നൽകിയ അവസരവും പാഴാക്കി

Update: 2024-12-29 10:34 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫി മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഫീൽഡിങിൽ പിഴച്ച് ഇന്ത്യ. നാലാം ദിനം ആസ്‌ത്രേലിയൻ താരങ്ങൾ നൽകിയ മൂന്ന് ക്യാച്ച് അവസരമാണ്  യശസ്വി ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയത്. നിർണായക ക്യാച്ചുകൾ നിലത്തിട്ടതോടെ ഓസീസിനെ ചെറിയ ലീഡിൽ പിടിച്ചുകെട്ടാനുള്ള അവസരമാണ് സന്ദർശകർക്ക് നഷ്ടമായത്. തുടക്കത്തിൽ ഉസ്മാൻ ഖ്വാജയെ കൈവിട്ട ജയ്‌സ്വാൾ പിന്നീട് മാർനസ് ലബുഷെയ്‌ന്റെയും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെയും ക്യാച്ച് അവസരവും കളഞ്ഞുകുടിച്ചു.

 ഖ്വാജയുടെ ക്യാച്ച് വിട്ടത് ഇന്ത്യയെ വലിയ തോതിൽ ബാധിച്ചില്ല. 21 റൺസെടുത്ത താരത്തെ മടക്കി മുഹമ്മദ് സിറാജ് പ്രതീക്ഷ നൽകി. എന്നാൽ  ലബുഷെയിനും പാറ്റ് കമ്മിൻസിനും ലൈഫ് ലഭിച്ചതിന് വലിയവില നൽകേണ്ടിവന്നു. ആകാശ് ദീപിന്റെ പന്തിൽ അനായാസ ക്യാച്ച് കൈവിടുമ്പോൾ 46 റൺസായിരുന്നു ലബുഷെയ്നിന് ഉണ്ടായിരുന്നത്. പിന്നീട് താരം വിലപ്പെട്ട 24 റൺസ് കൂടി ചേർത്തശേഷം 70 റൺസിലാണ് മടങ്ങിയത്. കമ്മിൻസിനൊപ്പം മികച്ച പാർട്ടർഷിപ്പും പടുത്തുയർത്തി.   41 റൺസെടുത്താണ് കമ്മിൻസ് കൂടാരം കയറിയത്. തേർഡ് സ്ലിപ്പിൽ ലബുഷെയിനെ കൈവിട്ട ജയ്‌സ്വാൾ സില്ലി പോയന്റിൽ ഫീൽഡ് ചെയ്യവെയാണ് കമ്മിൻസ് നൽകിയ ക്യാച്ച് വിട്ടുകളഞ്ഞത്. ലബുഷെയിന്റെ ക്യാച്ച് വിട്ടതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് രൂക്ഷമായാണ് പ്രതികരിച്ചത്. എല്ലാ നിരാശയും പ്രകടിപ്പിക്കുന്നതായിരുന്നു താരത്തിന്റെ പെരുമാറ്റം. 

അതേസമയം, നാലാംദിനം 11 പന്തുകളുടെ ഇടവേളയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ മികവിലാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്. സാം കോൺസ്റ്റാസിനെ ക്ലീൻ ബൗൾഡാക്കി വിക്കറ്റ്‌വേട്ട തുടങ്ങിയ ഇന്ത്യൻ പേസർ പിന്നീട് ട്രാവിസ് ഹെഡിനെയും മിച്ചൽ മാർഷിനെയും അലക്‌സ് ക്യാരിയെയും മടക്കി. നാലാംദിനം കളി അവസാനിക്കുമ്പോൾ ഓസീസ് 228-9 എന്ന നിലയിലാണ്. ഇതുവരെയായി 333 റൺസിന്റെ ലീഡായി. 41 റൺസുമായി നഥാൻ ലയോണും 10 റൺസുമായി സ്‌കോട്ട് ബോളണ്ടുമാണ് ക്രീസിൽ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News