‘പിക്ചർ അഭീ ബീ ബാക്കി ഹേ’; ഓസീസിനെ വിറപ്പിച്ച് നിതീഷ് കുമാറും വാഷിങ്ടൺ സുന്ദറും
മെൽബൺ: ബോക്സിങ് ടെസ്റ്റിൽ ഓസീസ് പ്രതീക്ഷകൾക്ക് മേൽ വെള്ളിടിവെട്ടിച്ച് ഇന്ത്യൻ വാലറ്റം. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിർത്തുമ്പോൾ 358ന് ഒൻപത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റൺസ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനിൽപ്പാണ് ഇന്ത്യ നടത്തിയത്.
രണ്ടാം ദിനം 164 ന് 5 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റൺസുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഢിയും വാഷിങ്ടൺ സുന്ദറും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളർമാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേർന്ന് 127 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓൺ ഭീഷണിയും മറികടന്നു.
കന്നി അർധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടൺ സുന്ദർ ഒരറ്റത്ത് ശാന്തമായ പിന്തുണ നൽകുകയായിരുന്നു. 162 പന്തിൽ നിന്നും 50 റൺസുമായി വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ നിതീഷ് കുമാർ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടർന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂർത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്സറുകമാണ് നിതീഷിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഓസീസിനായി പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകൾ വീതവും നേഥൻ ലിയോൺ രണ്ട് വിക്കറ്റും വീഴ്ത്തി.