കൊച്ചി ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി 

Update: 2018-05-14 09:36 GMT
കൊച്ചി ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി 
Advertising

ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

കൊച്ചി ടസ്കേഴ്സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ബി.സി.സി.ഐക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ആര്‍ബിട്രേഷന്‍ ഫോറം നിശ്ചയിച്ച നഷ്ടപരിഹാര തുകയായ 550 കോടി രൂപ ബി.സി.സി.ഐ കൊച്ചി ടസ്കേഴ്സിന് നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെയാണ് ടസ്കേഴ്സിനെ പുറത്താക്കിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. 2015ലാണ് ജസ്റ്റിസ് സി ആര്‍ ലഹോട്ടി അധ്യക്ഷനായ ആര്‍ബിട്രേഷന്‍ സമിതി കൊച്ചി ടസ്കേഴ്സിന് ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്.

18 ശതമാനം വാര്‍ഷിക പലിശയടക്കം ചേര്‍ത്തുള്ളതാണ് 550 കോടി രൂപ എന്ന തുക. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും ആര്‍ബിട്രേഷന്‍ നിയമത്തിലെ പുതിയ വകുപ്പുകള്‍ പ്രകാരം ഈ തുക നല്‍കേണ്ടതില്ലെന്നും ബി.സി.സി.ഐ വാദിച്ചു. പക്ഷേ നിയമ ഭേദഗതി 2012 ലാണുണ്ടായതെന്നും ഈ കേസ് 2011ലേതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ പഴയ നിയമ പ്രകാരമേ വിഷയത്തെ പരിഗണിക്കാനാകൂ എന്ന് വിലയിരുത്തിയ കോടതി ആര്‍ബിട്രേഷന്‍ ഫോറത്തിന്‍റെ തീരുമാനം ശരിവെക്കുകയായിരുന്നു.

ജസ്റ്റിസ് എ.കെ ഗോയല്‍, ഫാലി എസ് നരിമാന്‍‌, യു.യു ലളിത് എന്നിവരുടെ ബഞ്ചിന്‍റെതാണ് വിധി. കരാര്‍ ലംഘിച്ചെന്ന് കാട്ടിയാണ് 2011ല്‍ കൊച്ചിന്‍ ടീമിനെ ബി.സി.സി.ഐ പുറത്താക്കിയത്. ഇതോടൊപ്പം ടീമിന്‍റെ ബാങ്ക് ഗ്യാരണ്ടി തുകയില്‍ നിന്ന് 156 കോടി രൂപയും ബി.സി.സി.ഐ പിന്‍വലിച്ചിരുന്നു.

Tags:    

Similar News