ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ രാജിവെച്ചു

Update: 2018-05-17 20:20 GMT
Editor : Subin
ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ രാജിവെച്ചു
Advertising

ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് പ്രധാന പരിശീലകനായ റിനെ മ്യുളസ്റ്റീന്റെ രാജിയെന്ന് സൂചന...

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രധാന പരിശീലകന്‍ റിനെ മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി. ആരാധകരോടും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഈ സീസണില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഏറ്റവും ഒടുവില്‍ പുതുവര്‍ഷത്തിന്റെ തലേന്ന് ബാഗ്ലൂര്‍ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ കൊച്ചിയില്‍ വെച്ച് ബ്ലാസ്‌റ്റേഴ്‌സ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്‌സി തകര്‍ത്തത്.

ഏഴ് കളിയില്‍ നിന്നായി ഏഴ് പോയന്റുകള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. സീസണില്‍ രണ്ട് തോല്‍വിയും നാല് സമനിലയും ഒരു വിജയവുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

കഴിഞ്ഞ ജൂലൈ 14നാണ് റെനെ പരിശീലകനായി എത്തുന്നത്. മൂന്നരകോടിയോളം പ്രതിഫലം നല്‍കിയായിരുന്നു കോപലിന്റെ പിന്‍ഗാമിയായി മ്യൂളന്‍സ്റ്റീന്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി പ്രീമിയര്‍ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞായിരുന്നു മ്യൂളന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

12 വര്‍ഷത്തോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസംഘത്തിലുണ്ടായിരുന്നയാളാണ് മ്യൂളന്‍സ്റ്റീന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് അക്കാദമിയുടെ പരിശീലകനായിരുന്ന മ്യൂളന്‍സ്റ്റീനെ അലക്‌സ് ഫെര്‍ഗുസനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൂടാരത്തിലെത്തിക്കുന്നത്. 2013-14 സീസണില്‍ ഫുള്‍ഹാമിന്റെ പരിശീലകനായിരുന്ന മ്യൂളന്‍സ്റ്റീന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News