കോപ്പയില്‍ ചിലിയുടെ ദേശീയഗാനത്തിന് പകരം റാപ്പ് സംഗീതം
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ സംഘാടക പിഴവ് തുടര്‍ക്കഥയാകുന്നു. ദേശീയ ഗാനം പ്ലേ ചെയ്യുന്നതില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ സംഘാടക പിഴവ് തുടര്‍ക്കഥയാകുന്നു. ദേശീയ ഗാനം പ്ലേ ചെയ്യുന്നതില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ഉറുഗ്വെയുടെ ദേശീയ ഗാനത്തിന് പകരം ചിലിയുടെ ദേശീയ ഗാനം പ്ലേ ചെയ്തതില്‍ പറ്റിയ പിഴവിന് സംഘാടകര്‍ മാപ്പ് പറഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടില്ല. അതിന് മുമ്പേ പറ്റി അടുത്ത അബദ്ധം. ഇത്തവണ ദേശീയ ഗാനം മാറിപ്പോയതല്ല പൂര്‍ത്തിയാക്കാതിരുന്നതാണ് സംഘാടകരെ വെട്ടിലാക്കിയിരിക്കുന്നത്. അര്‍ജന്‍റീനക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനത്തിനായി അണിനിരന്നതായിരുന്നു ചിലി താരങ്ങള്‍. സാധാരണ പോലെ ദേശീയഗാനം ആരംഭിച്ചു. എന്നാല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ ഗാനം നിലച്ചു. പകരം ഉയര്‍ന്ന് കേട്ടത് പ്രമുഖ റാപ് സിംഗര്‍ പിറ്റ്ബുള്ളിന്‍റെ ഗാനം. ആദ്യം ഞെട്ടിയെങ്കിലും വിട്ടുകൊടുക്കാന്‍ ചിലി താരങ്ങള്‍ തയ്യാറായില്ല. നിന്ന നില്‍പില്‍ പിറ്റ്ബുള്ളിന്‍റെ ഗാനത്തോട് പൊരുതി അവര്‍ ദേശീയ ഗാനം പൂര്‍ത്തിയാക്കി. ഗാലറിയിലുണ്ടായിരുന്ന ചിലിയന്‍ ആരാധകരും താരങ്ങള്‍ക്ക് പിന്തുണ നല്‍കി. തുടര്‍ച്ചയായ രണ്ടാം ദിനവും ദേശീയ ഗാനം പ്ലേ ചെയ്യുന്നതില്‍ സംഘാടകര്‍ക്ക് പറ്റിയ പിഴവ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.