പ്രിയ മെസി.... മടങ്ങിവരൂ... വിരമിക്കരുതെന്ന് പെലെയും
കോപ്പ അമേരിക്ക ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.
കോപ്പ അമേരിക്ക ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. മെസിയുടേത് വൈകാരിക പ്രഖ്യാപനമാണെന്നും അര്‍ജന്റീനന്‍ നായകന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. മെസി വിരമിക്കരുതെന്ന മുറവിളി ആരാധകര്‍ക്കിടയില്‍ മാത്രമല്ല, ലോക ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്കിടയില്‍ നിന്നു വരെ ഉയരുന്നു. ഏറ്റവുമൊടുവില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയും മെസി വിരമിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു.
മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് പെലെയുടെ അഭ്യര്‍ഥന. പത്തു വര്‍ഷത്തിനിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ളവരില്‍ ഏറ്റവും മികച്ച താരമാണ് മെസിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മെസി അസ്വസ്ഥനായിരുന്നു. കുറച്ച് കഴിഞ്ഞാല്‍ ഏതൊരു മികച്ച താരത്തിനും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മെസി തിരിച്ചറിയും. നിരവധി മികച്ച താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയിട്ടുണ്ട്. മെസിയുടെ മനസ് മാറുമെന്നാണ് കരുതുന്നത്. തന്റെ വാക്കുകള്‍ മെസി കേള്‍ക്കുമെന്നാണ് കരുതുന്നതെന്നും പെലെ പറഞ്ഞു. മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം റൊണാള്‍ഡോയും ബാഴ്‍സലോണയിലെ സഹതാരം ലൂയിസ് സുവാരസും ആവശ്യപ്പെട്ടിരുന്നു.