ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് ചരിത്ര ജയം
ബംഗ്ലാദേശിന്‍റെ നൂറാം ടെസ്ററ് മത്സരം കൂടിയായിരുന്നു ഇത്. ലങ്കക്കെതിരായ കന്നി ജയവും. ജയിക്കാന്‍ 190 റണ്‍ എന്ന താരതമ്യേന അനായാസ സ്കോര്‍
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്ര ജയം. നാല് വിക്കറ്റുകള്‍ക്കാണ് ബംഗ്ലാ കടുവകള്‍ ജയം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്‍റെ നൂറാം ടെസ്ററ് മത്സരം കൂടിയായിരുന്നു ഇത്. ലങ്കക്കെതിരായ കന്നി ജയവും. ജയിക്കാന്‍ 190 റണ്‍ എന്ന താരതമ്യേന അനായാസ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, 82 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇക്ബാലും 41 റണ്‍സെടുത്ത സാബിര്‍ റഹ്മാനുമാണ് കടുവകളെ ജയത്തിലേക്ക് നയിച്ചത്. തമീമാണ് കളിയിലെ കേമന്‍. ഒന്നാം ഇന്നിങ്സില്‍ മിന്നും ശതകത്തോടെ ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ച ഷാക്കിബ് - അല്‍ -ഹസനാണ് പരമ്പരയിലെ താരം.
ഇരുവരും അടുത്തടുത്തുള്ള പന്തുകളില്‍ പുറത്തായ ശേഷം ബംഗ്ലാ ക്യാമ്പ് ചെറുതായൊന്ന് ആടിയുലഞ്ഞെങ്കിലും 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ മുഷ്ഫീഖര്‍ റഹീം ഒരറ്റത്ത് ഭദ്രമായി കോട്ട കാത്തു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ലങ്കന്‍ നായകന്‍ ഹെറാത്തും പേസര്‍ പെരേരയും കിണഞ്ഞ് പരിശ്രിച്ചെങ്കിലും ചരിത്ര ജയം തട്ടിത്തെറിപ്പിക്കാന്‍ അത് മതിയായിരുന്നില്ല.