നെയ്‍മര്‍ സംസാരിക്കുന്നു
മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ച്, എം.എസ്.എന്‍ സഖ്യത്തെക്കുറിച്ചും, ബാഴ്‍സലോണയിലെ ജീവിതത്തെക്കുറിച്ചും നെയ്‍മര്‍ സംസാരിക്കുന്നു
ഞായറാഴ്‍ച ലാ ലീഗയില്‍ ലാസ്‍ പാമാസിനോടുള്ള മത്സരത്തിന് മുന്നോടിയായി സ്‍കൈ സ്‍പോട്‍സുമായി നെയ്‌മര്‍ നടത്തിയ അഭിമുഖമാണിത്. മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ച്, എം.എസ്.എന്‍ സഖ്യത്തെക്കുറിച്ചും, ബാഴ്‍സലോണയിലെ ജീവിതത്തെക്കുറിച്ചും നെയ്‍മര്‍ സംസാരിക്കുന്നു.
എം.എസ്.എന്‍ (മെസ്സി – സുവാരസ് - നെയ്‍മര്‍) കൂട്ടുകെട്ടിനെക്കുറിച്ച്
ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സൌഹൃദമാണ് ഗ്രൌണ്ടില്‍ ഗോളുകള്‍ നേടാന്‍ ഞങ്ങളെ സഹായിക്കുന്നത്. കൂടെയുള്ളവര്‍ക്ക് നല്ലത് വേണമെന്ന് ഞങ്ങള്‍ ഓരോരുത്തരും ആഗ്രഹിച്ചു. ഞങ്ങള്‍ ഒരുമിച്ചപ്പോള്‍ ചരിത്രമായി, ധാരാളം ഗോളുകള്‍ പിറന്നു. ഒരോരുത്തര്‍ക്കും അവരുടേതായ ഗുണങ്ങളുണ്ട്. ടീമിനായി ഇനിയും ഗോളുകള്‍ നേടണം, കൂടുതല്‍ കിരീടങ്ങള്‍ വേണം. ഈ കൂട്ടുകെട്ട് ഫുട്‍ബോള്‍ ചരിത്രത്തിന്റെ സുവര്‍ണ താളുകളിലുണ്ടാകും.
ലയണല്‍ മെസ്സി
മെസ്സി ഫുട്ബോളിലെ ഒരു വിഗ്രഹമാണ്. സുഹൃത്തെന്ന നിലയില്‍ ഓരോ ദിവസവും മെസ്സിയില്‍ നിന്ന് പഠിക്കാനുണ്ട്. മെസ്സി ഈ ഗ്രഹത്തില്‍ നിന്നല്ല. നാല് വര്‍ഷമായി ഞാന്‍ മെസ്സിയോടൊപ്പം ബാഴ്‍സലോണയില്‍. എങ്ങിനെ ബോള്‍ ഷൂട്ട് ചെയ്യണമെന്ന്, ഗ്രൌണ്ടിലെ ഏകാഗ്രത, ബോളുകള്‍ പാസ്സ് ചെയ്യുന്നത്... ഞാനൊരുപാട് കാര്യങ്ങള്‍ മെസ്സിയില്‍ നിന്ന് പഠിച്ചു. മെസ്സി ബാഴ്‍സലോണയില്‍ തുടരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അതിനായി ക്ലബധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങളുണ്ടാകുമെന്ന് ഞാന് കരുതുന്നു.
ബാഴ്‍സയില്‍ തുടരുമോ?
ഇവിടെ തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, അതുകൊണ്ടാണ് കോണ്‍ട്രാക്‍റ്റ് പുതുക്കിയത്. ഇതെന്റെ വീടാണ്, സഹകളിക്കാര്‍ നല്ല സുഹൃത്തുക്കളും
ലൂയിക് എന്‍റിക്വെ
സങ്കടകരമായ യാഥാര്‍ഥ്യമാണ്. മൂന്ന് വര്‍ഷം അദ്ദേഹം ഞങ്ങളുടെ കോച്ചായിരുന്നു. ധാരാളം നല്ല കാര്യങ്ങള്‍ ബാഴ്‍സലോണക്ക് വേണ്ടിയദ്ദേഹം ചെയ്‍തു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് മികച്ച അനുഭവമാണ്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ അഭാവം ദുഃഖകരമാണ്.
ലാലീഗ കിരീടം
കടുപ്പമേറിയ മത്സരങ്ങളാണ് ഞങ്ങളെ കാത്തിരിക്കുന്നു. ഞങ്ങള്‍ക്ക് ജയിക്കണം. അതിനെക്കുറിച്ച് മാത്രമാണ് ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നത്
ആദ്യമായി കിട്ടിയ ചുവപ്പു കാര്‍ഡ്
ആദ്യത്തെ യെല്ലോ കാര്‍ഡ് ഞാന്‍ അര്‍ഹിച്ചിരുന്നില്ല. രണ്ടാമത്തേത് എന്റെ കുറ്റമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞാനാ മത്സരത്തില്‍ നിന്ന് പഠിച്ചു.
എല്‍ ക്ലാസിക്കോ നഷ്ടമായതിനെക്കുറിച്ച്
സഹകളിക്കാര്‍ ഗ്രൌണ്ടില്‍ പന്ത് തട്ടുമ്പോള്‍ ഫുട്‍ബോള്‍ മത്സരങ്ങള്‍ വീട്ടിലിരുന്ന് കാണുന്നത് എനിക്കൊരിക്കലും ഇഷ്‍ടമല്ല. എല്‍ ക്ലാസിക്കോയില്‍ അതാണ് സംഭവിച്ചത്. ഗ്രൌണ്ടിലുണ്ടായിരുന്നെങ്കിലെന്ന് ഞാനതിയായി ആഗ്രഹിച്ചു. വളരെ ദൂരെ എന്റെ നാട്ടിലായിരുന്നെങ്കിലും കളികഴിഞ്ഞപ്പോള്‍ ഓരോരുത്തരെയും ഞാന്‍ വിളിച്ചു, ആഘോഷിച്ചു.