നിധീഷ് റാണ - ഐപിഎല്‍ വെടിക്കെട്ടിന്‍റെ പുതിയ അമരക്കാരന്‍
34 പന്തില്‍ നിന്നും 62 റണ്‍സെടുത്ത റാണയുടെ ഇന്നിങ്സിന്‍റെ പ്രത്യേകത ബൌണ്ടറികളുടെ അഭാവമായിരുന്നു. ഏഴ് മിന്നും സിക്സറുകളാണ് പഞ്ചാബിനു മേല്‍ വെള്ളിടിയായി റാണയുടെ ബാറ്റില്‍.....
ഐപിഎല്‍ എന്നും ശ്രദ്ധേയമാകുന്നത് പുതിയ താരോദയങ്ങളിലൂടെയാണ്. വിസ്മയ പ്രകടനങ്ങളിലൂടെ തിരശീല നീക്കി പുറത്തുവരുന്ന താരങ്ങള്‍ പലപ്പോഴും ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിരികൊളുത്തുന്ന വെടിക്കെട്ടുകള്‍ ഐപിഎല്ലിന് ശേഷവും നീണ്ടു നില്‍ക്കും. ഐപിഎല്ലിന്‍റെ മികവില്‍ മാത്രം ദേശീയ ടീമിലെ സ്ഥാനം ഉറപ്പാക്കിയവരും നേടിയെടുത്തവരുമായ താരങ്ങളില്‍ ഇന്ത്യക്കാരും ആസ്ത്രേലിയക്കാരും ഉള്‍പ്പെടും. ഇത്തവണത്തെ ഐപിഎല്‍ പ്രാരംഭ ദശയിലാണെങ്കിലും ഇതിനോടകം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് ഡല്‍ഹിക്കാരനായ നിധീഷ് റാണയുടേത്. 255 റണ്‍സുമായി ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരിലൊരാളാണ് റാണ ഇപ്പോള്‍. സിക്സറുകളുടെ കാര്യത്തിലും റാണ തന്നെയാണ് രാജാവ്. 16 പടുകൂറ്റന്‍ സിക്സറുകളാണ് ആ ബാറ്റില്‍ നിന്ന് പിറന്നിട്ടുള്ളത്. രോഹിത് ശര്‍മ, പൊള്ളാര്‍ഡ് , ബട്ട്‍ലര്‍ തുടങ്ങിയ വന്‍ താരങ്ങള്‍ക്കിടെയാണ് വന്പനടികളുടെ കന്പത്തിന് ചൂട്ടുതെളിച്ചുള്ള റാണയുടെ വരവെന്നതും ശ്രദ്ധേയമാണ്.
28 പന്തുകളില്‍ നിന്നും 34 റണ്‍സായിരുന്നു ആദ്യ മത്സരത്തിലെ റാണയുടെ സന്പാദ്യം. ആ ബാറ്റില്‍ നിന്നും പിറന്ന രണ്ട് സിക്സറുകള്‍ റാണയുടെ കൈകരുത്ത് അറിയിക്കുന്നതായിരുന്നു. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മോശം ഫോമിനെ തുടര്‍ന്ന് ഡല്‍ഹി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷമായിരുന്നു കുട്ടിക്രിക്കറ്റിന്‍റെ പെരുങ്കളിയാട്ടത്തിലേക്ക് റാണ എത്തിയത്. രണ്ടാം മത്സരം ഗംഭീറിന്‍റെ കൊല്‍ക്കത്തക്കെതിരെ. വിജയിക്കാന്‍ 179 റണ്‍സ് എന്ന നിലയില്‍ കളത്തിലിറങ്ങിയ മുംബൈ പകുതി പടയാളികളെ നഷ്ടമായി 23 പന്തില്‍ 60 റണ്‍സ് എന്ന നിലയില്‍ മുംബൈ പരുങ്ങുന്പോഴാണ് റാണ ക്രീസിലെത്തിയത്.
29 പന്തുകളില്‍ നിന്നും 50 റണ്‍ വാരി റാണ മുംബൈയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തിലും മുംബൈയെ ജയ തീരത്തെത്തിച്ചത് റാണയുടെ കൂറ്റനടികളായിരുന്നു. 36 പന്തില്‍ നിന്നും 45 ലേക്ക് കുതിച്ച താരം രണ്ട് തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി.
ബംഗളൂരുവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ പ്രമോഷന്‍ ലഭിച്ച റാണ 36 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത് ടീമിനെ നല്ല സ്കോറിലേക്ക് നയിച്ചു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിലാണ് റാണെയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം പിറന്നത്. ഐപിഎല്ലിലെ കന്നി ശതകം കുറിച്ച ദക്ഷിണാഫ്രിക്കയുടെ ആംലയുടെ കരുത്തില്‍ 198 പടുത്തുയര്‍ത്തിയ പഞ്ചാബ് ജയം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ബട്ട്‍ലറുമായി ചേര്‍ന്ന് റാണ തിരക്കഥ മാറ്റിക്കുറിച്ചു. 34 പന്തില്‍ നിന്നും 62 റണ്‍സെടുത്ത റാണയുടെ ഇന്നിങ്സിന്‍റെ പ്രത്യേകത ബൌണ്ടറികളുടെ അഭാവമായിരുന്നു. ഏഴ് മിന്നും സിക്സറുകളാണ് പഞ്ചാബിനു മേല്‍ വെള്ളിടിയായി റാണയുടെ ബാറ്റില്‍ നിന്നും പറന്നിറങ്ങിയത്.