അണ്ടര്‍ 19: ബംഗ്ലാദേശിനെ 131 റണ്ണിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

Update: 2018-05-25 15:39 GMT
അണ്ടര്‍ 19: ബംഗ്ലാദേശിനെ 131 റണ്ണിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
Advertising

സെമിഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍...

അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 265 റണ്ണിന് പുറത്തായെങ്കിലും ബംഗ്ലാദേശിന്റെ മറുപടി 42.1 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംങില്‍ ശുഭ്മാന്‍ ഗില്ലും(86) ബൗളിംങില്‍ മൂന്നുവിക്കറ്റെടുത്ത കമലേഷ് നാഗര്‍കോട്ടിയുമാണ് ഇന്ത്യക്കുവേണ്ടി തിളങ്ങിയത്.

ആദ്യവിക്കറ്റ് വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാംവിക്കറ്റില്‍ ഒത്തു ചേര്‍ന്ന പൃഥ്വി ഷായുടേയും(40) ശുഭ്മാന്‍ ഗില്ലിന്റേയും(86) ബാറ്റിംങ് മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ താളം കണ്ടെത്തുകയായിരുന്നു. ടീം സ്‌കോര്‍ 102ല്‍ എത്തിച്ച ശേഷമാണ് ക്യാപ്റ്റന്‍ പൃഥ്വി ഷാ മടങ്ങിയത്. എച്ച്എം ദേശായിയുടേയും(34) അഭിഷേക് ശര്‍മ്മയുടേയും(50) ബാറ്റിംങും ഇന്ത്യന്‍ സ്‌കോര്‍ 265 എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. അവസാനത്തെ അഞ്ചുവിക്കറ്റുകള്‍ 34 റണ്‍സിനിടെ വീണതോടെ ഇന്ത്യ 49.2 ഓവറില്‍ ഓള്‍ ഔട്ടായി. ഇടംകയ്യന്‍ പേസ് ബോളര്‍ ക്വാസി ഒനിക് ബംഗ്ലാദേശിനുവേണ്ടി മൂന്നുവിക്കറ്റുകള്‍ നേടി.

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതിവേഗത്തില്‍ പന്തെറിഞ്ഞ നാഗര്‍കോട്ടിയായിരുന്നു ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ചത്. 7.1 ഓവറില്‍ വെറും 18 റണ്‍ വിട്ടു നല്‍കി നാഗര്‍കോട്ടി മൂന്നു വിക്കറ്റെടുത്തു. അഞ്ചോവറില്‍ 11 റണ്‍ മാത്രം കൊടുത്ത അഭിഷേക് ശര്‍മ്മയും ശിവം മാവിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഓപണര്‍ പിനാക് ഘോഷാണ്(43) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ മറുപടിയില്ലാതെ 42.1 ഓവര്‍ എണ്ണി തീര്‍ന്നപ്പോഴേക്കും ബംഗ്ലാദേശ് പരാജയം സമ്മതിച്ചു.

Tags:    

Similar News