വിപി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം

Update: 2018-05-25 23:35 GMT
വിപി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം
Advertising

കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും മലയാളിയുമായ വിപി സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 10 വര്‍ഷം. 2006 ജൂലൈ 18നാണ് കേരളം കണ്ട പ്രതിഭാധനനായ ഡിഫന്റര്‍ മരിച്ചത്. അര്‍ഹിച്ച അംഗീകാരം വി.പി സത്യന് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ അനിത സത്യന്‍ പറഞ്ഞു.

കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച കേരളാ ടീം 92ല്‍ സന്തോഷ് ട്രോഫിയും സ്വന്തമാക്കി. 93ല്‍ സന്തോഷ് ട്രോഫി നേട്ടം കേരളം ആവര്‍ത്തിച്ചപ്പോള്‍ ടീമിലെ നെടുംതൂണ്‍ വിപി സത്യനെന്ന കണ്ണൂരുകാരനായിരുന്നു. പാപ്പച്ചനും വിജയനും ഷറഫലിക്കുമൊപ്പം വി പി സത്യനും കേരളത്തിലെ കാണികള്‍ക്ക് പ്രിയപ്പെട്ടവനായി. സെന്ററ്‍‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സത്യന്‍ കളിച്ചു.

ടാക്ലിങ്ങിലുള്ള ഉറപ്പുപോലെ വായുവിലുള്ള കരുത്തും സത്യന്റെ മികവായിരുന്നു. കളിക്കളത്തില്‍ വലിയ സ്വാധീനമാണ് സത്യനുണ്ടായിരുന്നത്. കണ്ണൂര്‍ ജിംഖാന, ലക്കി സ്റ്റാര്‍ ടീമുകളിലൂടെ തുടങ്ങി കേരള പോലീസ്, മൊഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, ഇന്ത്യന്‍ ബാങ്ക് എന്നിവയിലൂടെ സത്യന്‍ ദേശീയ ഫുട്ബാളിന്റെ നെറുകിലെത്തി. ദേശീയ ടീമിന്റെ ജഴ്സിയില്‍ 80ഓളം മത്സരങ്ങള്‍. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ നായകനുമായി. സത്യന്‍ ക്യാപ്റ്റനായ കാലത്താണ് ഇന്ത്യന്‍ ടീമിന്റെ റാങ്കിങ് 99ലേക്ക് എത്തിയത്. പിന്നീട് കോച്ചിങിലേക്ക് തിരിഞ്ഞപ്പോഴും വിജയം സത്യനൊപ്പമായിരുന്നു.

2006 ല്‍ ചെന്നൈ പല്ലാവരം റെയില്‍വെ ട്രാക്കിലാണ് സത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയ ഫുട്ബാളില്‍ നിന്ന് പിന്‍വലിഞ്ഞു കൊണ്ടിരിക്കുന്ന കേരളത്തിന്റെയും രാജ്യാന്തര ഫുട്ബാളില്‍ കിതച്ചു നില്‍ക്കുന്ന ഇന്ത്യയുടെയും നല്ലകാലത്തെ നിറമുള്ള ഓര്‍മയാണ് സത്യന്‍.

Tags:    

Similar News