ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല് മത്സരത്തിനൊരുങ്ങി ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പ്
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടും ബ്രിട്ടന്റെ മോഫറയുമാകും ഈ ചാംപ്യന്‍ഷിപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങള്‍
ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ ലണ്ടനില്‍ തുടക്കം. ആഗസ്റ്റ് 13 ന് മത്സരങ്ങള്‍ സമാപിക്കും. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും അവസാന മത്സരമാകും ലണ്ടനിലേതെന്ന പ്രത്യേകതയുണ്ട്.
2011ല്‍ മൊണോക്കോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര അത്‍ലറ്റിക് ഫെഡറേഷന്‍ യോഗത്തിലാണ് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിന്റെ 2017 ലെ വേദി ലണ്ടനില്‍ ലഭിക്കുന്നത്. മത്സരങ്ങള്‍ക്കായി മുന്‍ ഒളിംപിക് സ്റ്റേഡിയമായ സ്റ്റാഫോര്‍ഡാണ് ഒരുക്കിയിരിക്കുന്നത്. 60,000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അത്‍ലറ്റുകള്‍ 22 മത്സരയിനങ്ങളില്‍ മാറ്റുരക്കും.
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടും ബ്രിട്ടന്റെ മോഫറയുമാകും ഈ ചാംപ്യന്‍ഷിപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങള്‍. ഇരുവരും ഈ ചാംപ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയുകയാണ്. ഒളിംപിക് ചാംപ്യനും നൂറ് മീറ്ററിലെ ലോക റെക്കോഡിനുടമായുമായ ബോള്‍ട്ട് ഇത്തവണ 100, 4x100 മീറ്റര്‍ മത്സരങ്ങളില്‍ മാത്രമാണ് മത്സരിക്കുന്നത്. പുതിയ റെക്കോഡ് കുറിച്ച് വിരമിക്കാനാകും ബോള്‍ട്ടിന്റെ ശ്രമം. 5,00, 10000 മീറ്ററില്‍ ഒളിംപിക് ചാംപ്യനായ മോ ഫറയും സ്വന്തം നാട്ടില്‍ സ്വര്‍ണവുമായി മടങ്ങാനാകും ശ്രമിക്കുക. 167 അംഗ ടീമുമായി വരുന്ന അമേരിക്കയാണ് ശക്തര്‍. ആതിഥേയരായ ബ്രിട്ടന്‍ 92 പേരെയാണ് ഇറക്കുന്നത്. 25 പേരാണ് ഇന്ത്യന്‍ ടീമിലുള്ളത്. നാളെ വൈകീട്ട് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. ആഗ്സ്റ്റ് 13 നാണ് സമാപനം.