അണ്ടര്‍ 17 ലോകകപ്പ്; കൊളംബിയന്‍ സംഘമെത്തി
കോച്ച് ഒര്‍ലാന്ഡോ റെസ്ട്രെപ്പോയുടെ നേതൃത്വത്തിലുള്ള 27 അംഗ കൊളംബിയന്‍ സംഘമാണ് ഇന്നലെ രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്
ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ആദ്യ ടീം ഇന്ത്യയിലെത്തി. കൊളംബിയന്‍ ടീമാണ് ഇന്നലെ രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ടൂര്‍ണ്ണമെന്റ് ആരംഭിക്കാന്‍ 15 ദിവസം മാത്രം ബാക്കി നില്‍ക്കെ വരും ദിവസങ്ങളില്‍ ഇതര ടീമുകളും വിവിധ നഗരങ്ങളില്‍ എത്തിച്ചേരും.
കോച്ച് ഒര്‍ലാന്ഡോ റെസ്ട്രെപ്പോയുടെ നേതൃത്വത്തിലുള്ള 27 അംഗ കൊളംബിയന്‍ സംഘമാണ് ഇന്നലെ രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതോടെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രഥമ ഫിഫ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തുന്ന ആദ്യത്തെ ടീമായി കൊളംബിയ മാറി.
2009ന് ശേഷം ആദ്യമായാണ് കൊളംബിയ ടൂര്‍ണ്ണമെന്റിന് യോഗ്യത നേടുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഇന്ത്യ,ഘാന,യുഎസ്എ എന്നിവര്‍ക്കെതിരെയാണ് കൊളംബിയയുടെ മത്സരങ്ങള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 6ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൊളംബിയ ഘാനക്കെതിരെ കളിക്കും. കൊളംബിയന്‍ ടീമിന്റ വരവോടെ ടൂര്‍ണ്ണമെന്റ് അതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിച്ചുവെന്ന് പ്രാദേശിക സംഘാടക സമിതി ഡയറക്ടര്‍ ജാവിയര്‍ സെപ്പി പറഞ്ഞു. ആതിഥേയരായ ഇന്ത്യയടക്കം 22 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുക. ബാക്കി ടീമുകള്‍ വരും ദിവസങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്ന വിവിധ നഗരങ്ങളിലായി വിമാനമിറങ്ങും.