പെലെയുടെ ഓര്‍മ്മകള്‍ വില്‍പ്പനക്ക്?
അടുത്ത മാസം നടക്കുന്ന ലണ്ടന്‍ ലേലത്തിലാണ് മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ഇതിഹാസത്തിന്റെ 2000ത്തിലേറെ ശേഖരങ്ങള്‍ ആരാധകര്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്.
ഫുട്ബാള്‍ ആരാധകര്‍ കാണാനും തൊടാനും കൊതിക്കുന്ന സാക്ഷാല്‍ പെലെയുടെ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരം .അടുത്ത മാസം നടക്കുന്ന ലണ്ടന്‍ ലേലത്തിലാണ് മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ഇതിഹാസത്തിന്റെ 2000ത്തിലേറെ ശേഖരങ്ങള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാനത്തെുന്നത്. ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയാണ് ലേലം. ബുധനാഴ്ച മുതല്‍ പ്രദര്‍ശനത്തിന് വെച്ചശേഷമാവും ലേല നടപടികള്‍. നിധിപോലെ സ്വകാര്യമായി സൂക്ഷിച്ച അമൂല്യശേഖരങ്ങള്‍ കൂടുതല്‍ കരുതല്‍ ലഭിക്കുന്നതിനായാണ് പെലെ ലേലത്തിന് വെക്കുന്നത്. ‘ദുര്‍ഘടമായ തീരുമാനമായിരുന്നു ഇത്. പക്ഷേ, കലാമൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ ലഭിക്കുന്നതാണ് ഇഷ്ടം. എന്റെ മാത്രമായൊതുങ്ങിയ ഓര്‍മകള്‍ ലോകമെങ്ങുമുള്ളവര്‍ക്കൊപ്പം പങ്കിടാനുള്ള അവസരം കൂടിയാണിത്. ഒപ്പം, സഹായം കാത്തിരിക്കുന്ന ഒരുപാടുപേര്‍ക്കുള്ളതും’ -ലേല തീരുമാനത്തെ കുറിച്ചുള്ള പെലെയുടെ അഭിപ്രായം ഇതാണ്. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് ബ്രസീലിലെ കുട്ടികളുടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായാണ് മാറ്റിവെക്കുന്നതും എന്നും പെലെ പറഞ്ഞു.
പതിനഞ്ചാം വയസ്സിലണിഞ്ഞ സാന്റോസ് ജഴ്സി, 1000 ം കരിയര്‍ ഗോള്‍ നേടിയ സാന്റോസ് തന്നെ കുപ്പായം, മൂന്ന് ലോകകപ്പ് നേട്ടത്തിന്റെ ആദരവായി ബ്രസീല്‍ സമ്മാനിച്ച യഥാര്‍ഥ യുള്‍റിമെ കപ്പ് തുടങ്ങി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിച്ച മെഡലുകള്‍, ജഴ്സികള്‍, ബൂട്ട്, വിവിധ രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ എന്നിവയും ലേലത്തിനുണ്ട്. 25ലക്ഷം മുതല്‍ 35 ലക്ഷം പൗണ്ട് വരെ തുകയാണ് ലേലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.