ബാറ്റി ഗോളിനെ മറികടന്ന് മെസ്സി
അര്‍ജന്റീനന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ (54 ഗോളുകള്‍) നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നിരിക്കുന്നത്.
ബാറ്റി ഗോളിനെ മറികടന്ന് മെസ്സി വീണ്ടുമൊരു റെക്കോര്‍ഡുകൂടി തന്റെ പേരിലാക്കി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമാണിപ്പോള്‍ മെസ്സി. അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ നെടുതൂണായിരുന്നു ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് ഇത്തവണ മെസ്സിക്കുമുന്നില്‍ വഴിമാറുന്നത്.
അര്‍ജന്റീനന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ (54 ഗോളുകള്‍) നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നിരിക്കുന്നത്. കോപ്പയില്‍ അമേരിക്കക്കെതിരെയുള്ള സെമി പോരാട്ടത്തില്‍ 32-ാം മിനിറ്റിലെ ഗോളോടെയാണ് മെസ്സിയുടെ നേട്ടം.
1998-2003 കാലയളവിൽ അർജെന്റീനയെ ഇഷ്ടപ്പെട്ടു തുടങ്ങിയ എല്ലാവർക്കും കാരണമായി പറയാൻ ഒരാളെ ഉണ്ടാകാൻ തരമുള്ളൂ. ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട എന്ന ആരാധകരുടെ സ്വന്തം ബാറ്റി. മെസ്സിക്ക് മുമ്പ്, മാറഡോണക്ക് ശേഷം അർജെന്റീനിയൻ ഫുട്ബാളിന്റെ സ്വന്തം ഹീറോ. നീളൻ സ്വർണതലമുടിയും, ബുൾഗാൻ താടിയുമൊക്കെയായി മിശിഹാ ലുക്കിലുള്ള ബാറ്റിയെ അന്നത്തെ ഫുട്ബാൾ ആരാധകര്‍ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു.
അർജെന്റീനയിലെ സാന്റ ഫെ പ്രോവിന്സിലെ ഒരു അറവു ശാലയിൽ ജോലി ചെയ്തിരുന്ന ഒമർ ബാറ്റിസ്റ്റ്യൂട്ടയ്ക്കും ഭാര്യ ഗ്ലോറിയ സില്ലിക്കും ആദ്യ കുഞ്ഞായി ഗബ്രിയേൽ ജനിക്കുന്നത് 1969 ഫെബ്രുവരി ഒന്നിനാണ്. കുട്ടിക്കാലത്ത് കുഞ്ഞു ബാറ്റിക്ക് ഫുട്ബാളിതര കളികളോടായിരുന്നു താല്പര്യം. നല്ല ഉയരമുണ്ടായിരുന്നതിനാൽ ബാസ്കറ്റ്ബാളിലാണ് ബാറ്റിസ്റ്യൂട്ട കൂടുതൽ സമയം ചിലവിട്ടത്. 1978 ൽ അർജെന്റീന ഫുട്ബോൾ ലോക ചാമ്പ്യന്മാരാകുന്നത് വരെയേ അതൊക്കെ നീണ്ടുനിന്നുള്ളൂ. ഫൈനലിൽ ഇരട്ട ഗോളുകൾ നേടി രാജ്യത്തിന്റെ ഹീറോ ആയിരുന്ന മരിയോ കെമ്പ്സിന്റെ കടുത്ത ആരാധകനായി ബാറ്റി മാറി. അതോടെ ശ്രദ്ധ മുഴുവനും ഫുട്ബാളിലായി. കൂട്ടുകാരുമായി തെരുവിൽ പന്ത് തട്ടി നടന്ന ബാറ്റി പതുക്കെ ചെറിയ വലിയ മത്സരങ്ങളിൽ പന്ത് തട്ടാൻ തുടങ്ങി. 1988ൽ നാട്ടിലെ അറിയപ്പെടുന്ന പ്രൊഫഷണൽ ക്ലബ് ആയ ന്യൂവെൽ ഓൾഡ് ബോയ്സുമായി കരാറിലായി.പിൽകാലത്ത് ദേശീയ ടീമിന്റെ കോച്ചായിരുന്ന മാർസലൊ ബിയെൽസ ആയിരുന്നു അവിടത്തെ കോച്ച്. 1989 ഓടെ ബാറ്റിസ്ട്ട്യൂട്ടയെ അർജെന്റീനയിലെ ഏറ്റവും വലിയ ക്ലബ് ആയ റിവർപ്ലേറ്റ് സ്വന്തമാക്കി. 17 ഗോളുകളോടെ ആ സീസണിൽ മിന്നി നിൽകുമ്പോൾ അയാൾ ടീമിൽ നിന്ന് തക്കതായ കാരണമൊന്നുമില്ലാതെ പുറത്താകുന്നു. പിന്നെ ബൊക്ക ജൂനിയേർസിൽ.
1991 ൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടി. ചിലിയിൽ നടക്കാൻ പോകുന്ന കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ടീമായിരുന്നു അത്. ടൂർണമെന്റിലുടനീളം മികച്ച കളി കെട്ടഴിച്ച ബാറ്റി ആറ് ഗോളുകളോടെ ടോപ് സ്കോററായി അർജെന്റീനക്ക് കിരീടം നേടിക്കൊടുത്തു. അർജന്റീനിയൻ ഫുട്ബാളിലെ മഹാനായ ഒരു താരത്തിന്റെ ഉദയത്തിനായിരുന്നു ആ കോപ്പ വേദിയായത്. 1993 ൽ നടന്ന അടുത്ത കോപ്പയിലും ബാറ്റി പന്തിനോടുള്ള സ്നേഹം തുടർന്നു. ഫൈനലിൽ മെക്സിക്കൊക്കെതിരെ രണ്ടു ഗോളുകൾ നേടി അർജന്റീനക്ക് വീണ്ടുമൊരു കിരീടമണിയിച്ച് ബാറ്റിസ്റ്റ്യൂട്ട ആരാധകരുടെ കണ്ണിലുണ്ണിയായി. അർജന്റീന അവസാനമായി നേടിയ കിരീടമായിരുന്നു ആ വർഷത്തെ കോപ്പ.
മറഡോണയുടെ മയക്ക് മരുന്ന് വിവാദത്താൽ നിറം മങ്ങിയ 1994 ലെ ലോക കപ്പിൽ അർജന്റീനക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ഗ്രീസിനെതിരെ നേടിയ ഹാട്രിക് അടക്കം നാല് ഗോളുകളുമായി തലയുയർത്തി തന്നെയാണ് ബാറ്റി മടങ്ങിയത്. ടീം മാനേജറുമായുള്ള തർക്കം കാരണം 1998 ലോക കപ്പിന് വേണ്ടിയുള്ള മിക്ക മത്സരങ്ങളിലും ബാറ്റിസ്റ്റ്യൂട്ട ടീമിന് പുറത്തായിരുന്നുവെങ്കിലും അവസാന നിമിഷം ലോക കപ്പിനുള്ള ടീമിൽ ബാറ്റി ഇടം നേടി. ജമൈക്കയുമായുള്ള മത്സരത്തിൽ ബാറ്റിസ്റ്റ്യൂട്ട ഹാട്രിക് നേടി തിരിച്ചുവരവ് ആഘോഷിച്ചു. ലോക കപ്പിൽ ഹാട്രിക് നേടിയത് ഇതുവരെ വെറും നാലുപേരാണ്. 2002 ലോക കപ്പ് യോഗ്യതാ മത്സരങ്ങളിൽ മികച്ച കളി കാഴ്ചവെച്ച ബാറ്റിയും അർജെന്റീനയും ലോക കപ്പ് മത്സരങ്ങൾക്കായി ഏഷ്യയിലേക്ക് വണ്ടി കയറിയത് തികഞ്ഞ ആത്മവിശ്വാസത്തോടെയും അതിലേറെ പ്രതീക്ഷയോടെ ആരാധകരും. മാത്രമല്ല ലോക കപ്പോടെ ഫുട്ബാളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച ബാറ്റി ഇത്തവണ കൂടുതൽ മികച്ച അദ്ഭുതങ്ങൾ പുറത്തെടുക്കുമെന്ന് ആവേശം കൊണ്ടു. പക്ഷെ തീർത്തും നിരാശാജനകമായിരുന്നു കാര്യങ്ങൾ. മരണ ഗ്രൂപ്പിൽപ്പെട്ട അർജെന്റീന നൈജീരിയയോട് മാത്രമാണ് ജയിച്ചത്. ചിരവരികളായ ഇംഗ്ലണ്ടിനോടുള്ള തോൽവിയും സ്വീഡനോടുള്ള സമനിലയും അർജെന്റീനയെ ആദ്യ റൌണ്ടിൽ നിന്ന് തന്നെ പുറത്താക്കി.
ഫയൊരെന്റീന, റോമ എന്നീ ഇറ്റാലിയൻ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ബാറ്റിസ്റ്റ്യൂട്ട ഏറ്റവും കൂടുതലായി കളിച്ചത്. 430 ക്ലബ് മത്സരങ്ങളിൽ നിന്ന് 245 ഗോളുകൾ ആരാധകരുടെ ബാറ്റിഗോൾ നേടി. 78 മത്സരങ്ങളിൽ അർജെന്റീനക്ക് വേണ്ടി കളിച്ച ബാറ്റി നേടിയത് 78 ഗോളുകളാണ്. അർജെന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയതും ബാറ്റിസ്റ്റ്യൂട്ടയാണ്. രണ്ട് ലോക കപ്പ് ടൂർണമെന്റുകളിൽ ഹാട്രിക് നേടിയ ചരിത്രത്തിലെ ഒരേയൊരു താരവും ബാറ്റി മാത്രം. കളിക്കുന്ന കാലത്ത് ഒരു മികച്ച സ്ട്രൈകറായി കളം നിറഞ്ഞ് കളിച്ചിരുന്ന ബാറ്റിസ്റ്റ്യൂട്ട ഒരു തലമുറയുടെ ആവേശമായിരുന്നു. എൺപതുകളിലെ മറഡോണയുഗത്തിനും അതിനുശേഷം അവതരിച്ച മെസ്സിക്കും ഇടയിലുള്ള തൊണ്ണൂറുകളിൽ അർജെന്റീനിയൻ ഫുട്ബാളിൽ അവതരിച്ച മിശിഹായുടെ മുഖമുള്ള ദൈവദൂതനായിരുന്നു ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട എന്ന ബാറ്റിസ്റ്റ്യൂട്ട..ആരാധകർക്കും, അർജെന്റീന ഫുട്ബാളിനും പിന്നെ ചരിത്രത്തിനും ഒരിക്കലും മറക്കാനാകാത്ത ബാറ്റിസ്റ്റ്യൂട്ട. അവരുടെ സ്വന്തം ബാറ്റിഗോൾ..!! 2004ല്‍ പ്രഖ്യാപിച്ച ഫിഫ 100 മഹാന്മാരായ 125 ജീവിച്ചിരിക്കുന്ന ഫുട്‌ബോളര്‍മാരുടെ പട്ടികയില്‍ ബാറ്റിസ്റ്റ്യൂട്ടയും ഉള്‍പ്പെടുന്നു.