കേരള പ്രീമിയര്‍ ലീഗില്‍ കെഎസ്ഇബി തിരുവനന്തപുരം ഫൈനലില്‍
സാറ്റ് തിരൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ നാലേ ഒന്നിന് മറികടന്നാണ് കെ.എസ് ഇ.ബിയുടെ ഫൈനൽ പ്രവേശം
കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ കെഎസ്ഇബി തിരുവനന്തപുരം ഫൈനലിൽ . സാറ്റ് തിരൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ നാലേ ഒന്നിന് മറികടന്നാണ് കെ.എസ് ഇ.ബിയുടെ ഫൈനൽ പ്രവേശം. മലപ്പുറം തിരൂർ നഗരസഭാ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളി ഗോൾരഹിത സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കെ.എസ്.ഇ.ബിക്കായി ജോബി ജസ്റ്റിൻ, ഫ്രാൻസിസ്, വി.വി. സുർജിത്, എം. അലക്സ് എന്നിവർ ഗോൾ നേടി.
സാറ്റ് തിരൂരിലെ രാഹുൽ മാത്രമാണ് പന്ത് വലയിലെത്തിച്ചത്. ഷഫീക്കിന്റെ കിക്ക് ബാറിൽ തട്ടിയും ക്യാപ്റ്റൻ ഇർഷാദിന്റേത് ഇടത്തെ പോസ്റ്റിൽ തട്ടിയും മടങ്ങി. ആദ്യ പകുതിയിൽ കളി കെ.എസ്.ഇ.ബിയുടെ വരുതിയിലായിരുന്നു. സാറ്റ് ഗോൾമുഖത്ത് തുടരെത്തുടരെ പന്തെത്തിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. രണ്ടാം പകുതിയിൽ കെ.എസ്.ഇ.ബി ഗോൾമുഖത്തേക്ക് സാറ്റ് തുടരെ ആക്രമണം അഴിച്ച് വിട്ടു. അവസാന സമയം വരേയും പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഹോം ഗ്രൗണ്ടിൽ നിന്ന് ഫൈനലിലേക്കു കടന്നു കയറാനുള്ള സാറ്റ് തിരൂരിന്റെ മോഹമാണ് ഒടുവിൽ കെ.എസ്ഇബി ഷൂട്ടൗട്ടിൽ തകർത്തത് .