ഷറപോവക്ക് രണ്ട് വര്‍ഷത്തെ വിലക്ക്
ജനുവരിയിലെ ഓസ്ട്രേലിയന്‍ ഓപണ്‍ മത്സരത്തില്‍ മെല്‍ഡോണിയം എന്ന നിരോധിത മരുന്ന് ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷറപ്പോവക്ക് താല്‍കാലികവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപോവയെ രാജ്യന്താര ടെന്നീസ് മത്സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെതിരെ അപ്പീല്‍ പോകുമെന്ന് ഷറപോവ പറഞ്ഞു.
രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നംഗസംഘം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ജനുവരിയിലെ ഓസ്ട്രേലിയന്‍ ഓപണ്‍ മത്സരത്തില്‍ മെല്‍ഡോണിയം എന്ന നിരോധിത മരുന്ന് ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷറപ്പോവക്ക് താല്‍കാലികവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2006 മുതല്‍ താന്‍ മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതായി ഷറപോവ സമ്മതിച്ചിരുന്നു. എന്നാല്‍ മെല്‍ഡോണിയം ഉപയോഗിച്ചിരുന്ന ഘട്ടത്തില്‍ നിരോധിക്കപ്പെട്ടിരുന്നില്ലെന്നും2016 മുതലാണ് മെല്‍ഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നും താരം വാദിച്ചു. വിലിക്കിനെതിരെ അപ്പീല്‍ പോകാനാണ് ഷറപോവയുടെ തീരുമാനം. ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിന്പിക്സില്‍ ഷറപോവക്ക് മത്സരിക്കാനാവില്ല.