ബോർഡർ-ഗവാസ്‌കർ ട്രോഫി സൂപ്പർ ഹിറ്റ്; ആദ്യ രണ്ട് ടെസ്റ്റിൽ എട്ടര കോടി കാഴ്ചക്കാർ
2020 ൽ നടന്ന പരമ്പരയേക്കാൾ കാഴ്ചക്കാരുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
ന്യൂഡൽഹി: ഇന്ത്യ-ആസ്‌ത്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ റെക്കോർഡ് കാഴ്ചക്കാർ. പെർത്തിലും അഡ്‌ലെയ്ഡിലുമായി ഇന്ത്യയിൽ മാത്രമായി 86 മില്യൺ(എട്ടരകോടി) ആളുകളാണ് മത്സരം വീക്ഷിച്ചതെന്ന് സ്റ്റാർ സ്‌പോർട്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. 1200 കോടി മിനിറ്റുകളാണ് ക്രിക്കറ്റ് പ്രേമികൾ വീക്ഷിച്ചത്. 2020 ബോർഡർ -ഗവാസ്‌കർ ട്രോഫിയുമായി താരതമ്യപ്പെടുത്തുമ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ വർധനവാണുണ്ടായത്. വാച് ടൈം 75 ശതമാനമായാണ് കുത്തനെ ഉയർന്നത്.
പെർത്തിലും അഡ്‌ലൈഡിലും മത്സരത്തിനിടെയുണ്ടായ വാഗ്വാദങ്ങളും ബി.ജി.ടിയെ ശ്രദ്ധേയമാക്കി. പെർത്തിൽ ജസ്പ്രീത് ബുംറയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയിരുന്നു. അഡ്‌ലൈഡിലെ ഡേ-നൈറ്റ് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ആതിഥേയർ മത്സരം 1-1 സമനിലയിലാക്കിയിരുന്നു. 49 ദശലക്ഷം ആളുകളാണ് സ്റ്റാർ സ്‌പോർട്‌സിലൂടെ അഡ്‌ലെയ്ഡ് രാപകൽ മത്സരം വീക്ഷിച്ചത്. 37.6 ദശലക്ഷം ആളുകളാണ് പെർത്തിൽ കണ്ടത്.
ആദ്യ രണ്ട് മത്സരത്തിൽ ഗ്യാലറി ടിക്കറ്റുകളിലും വൻ വർധനവാണുണ്ടായത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിസ്തുമസ് പിറ്റേന്ന് നടക്കുന്ന(ബോക്‌സിങ് ഡേ) നാലാം ടെസ്റ്റിനുള്ള ഗ്യാലറി ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞതായും വാർത്തയുണ്ട്. ഇംഗ്ലണ്ട്- ഓസീസ് തമ്മിലുള്ള ആഷസ് ടെസ്റ്റിനേക്കാൾ വലിയ ജനപ്രീതിയാണ് ബോർഡർ-ഗവാസ്‌കർല ട്രോഫിക്ക് ലഭിക്കുന്നത്.