യുവരാജിന്‍റേത് ശരിയായ തീരുമാനമായിരുന്നുവെന്ന് കൊഹ്‍ലി
അവസാന ഓവറുകളില്‍ മറുവശത്ത് നായകന്‍ ധോണിയുടെ സാന്നിധ്യം പകര്‍ന്നു നല്‍കിയത് ചെറുതല്ലാത്ത കരുത്താണെന്നും കൊഹ്‍ലി
ടീം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വമ്പന്‍ അടിക്ക് ശ്രമിച്ച് പുറത്തായ യുവരാജ് സിങിന്‍റെ തീരുമാനം ശ്ലാഘനീയമാണെന്ന് ഇന്ത്യയുടെ വിജയശില്‍പ്പി വിരാട് കൊഹ്‍ലി. എന്താണ് ചെയ്യേണ്ടതെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചെറുതായി വിഷമിച്ച ഘട്ടങ്ങളിലൊന്നായിരുന്നു അത്. സ്ഫോടനാത്മക ബാറ്റിങിന് ഉടമയായ താരമാണ് യുവരാജ്. 60-70 ശതമാനം ഫിറ്റ്നസില്‍ അദ്ദേഹത്തിന് അത് ബുദ്ധിമുട്ടാകും.
ടീമിന്‍റെ അവസ്ഥ പരിഗണിച്ച് കൂറ്റനടികള്‍ക്ക് ശ്രമിക്കാനുള്ള തീരുമാനത്തില്‍ യുവി സ്വയം എത്തിച്ചേരുകയായിരുന്നു. അത്തരമൊരു ഷോട്ടിനിടെ പുറത്താകുകയും ചെയ്തു. അത് തികച്ചും നല്ല ഒരു തീരുമാനമായിരുന്നു. വിക്കറ്റിനിടയില്‍ ഉദ്ദേശിച്ച പോലെ ഓടാനാകുകയില്ലെന്ന അവസ്ഥ നിലനില്‍ക്കെ അഭിമുഖീകരിക്കുന്ന പന്തുകളില്‍ നിന്നും കഴിയാവുന്നത്ര സ്കോര്‍ ചെയ്ത് ഈ ന്യൂനത മറികടക്കുക മാത്രമാണ് മുന്നിലുള്ള ഏക പോംവഴി. ഇതില്‍പ്പരം ഒരു നല്ല തീരുമാനം ആ സമയത്ത് എടുക്കാനാകില്ലെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.
തന്‍റെ മികച്ച ട്വന്‍റി20 ഇന്നിങ്സാണ് ഓസീസിനെതിരെ പുറത്തെടുത്തതെന്ന് വിലയിരുത്തിയ കൊഹ്‍ലി കരിയറിലെ തന്നെ മികച്ച മൂന്ന് ഇന്നിങ്സുകളിലൊന്നാണ് ഇതെന്നും പറഞ്ഞു. അവസാന ഓവറുകളില്‍ മറുവശത്ത് നായകന്‍ ധോണിയുടെ സാന്നിധ്യം പകര്‍ന്നു നല്‍കിയത് ചെറുതല്ലാത്ത കരുത്താണെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു,