ആരാധകര്‍ക്ക് ആശ്വസിക്കാം: മെസിയുടെ വിലക്ക് നീക്കി
ലയണല്‍ മെസിക്ക് നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കി
അര്‍ജന്‍റീനക്കും ആരാധകര്‍ക്കും സന്തോഷ വാര്‍ത്ത. ലയണല്‍ മെസിക്ക് നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കി. മെസിയുടേയും അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍റെയും (എഎഫ്എ) അപ്പീല്‍ പരിഗണിച്ചാണ് നടപടി. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്‍റ് റഫറിയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചാണ് മെസിക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ വിലക്കേര്‍പ്പെടുത്താന്‍ തക്ക തെളിവ് മെസിക്കെതിരെ ഇല്ലെന്നാണ് ഫിഫ അപ്പീല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
നാല് മത്സരങ്ങളില്‍ നിന്നുള്ള വിലക്കിന് പുറമെ 10,000 സ്വിസ് ഫ്രാങ്ക് പിഴയുമുണ്ടായിരുന്നു. ഇതും പിന്‍വലിച്ചു. ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മെസിക്ക് വിലക്കേര്‍പ്പെടുത്തിയത്. മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്‍റീന 2-0ന് തോല്‍ക്കുകയും ചെയ്തു. അര്‍ജന്‍റീനയുടെ അടുത്ത യോഗ്യതാ മത്സരം ആഗസ്ത് 31ന് ഉറുഗ്വായുമായാണ്.