ഒരു ട്വീറ്റില്‍ വൈകിയ അന്താരാഷ്ട്ര അരങ്ങേറ്റം, തുടര്‍ന്ന് അഞ്ച് ഡക്കുകള്‍, ക്രിക്കറ്റിലെ ഒരപൂര്‍വ്വ കഥ

Update: 2018-06-01 04:15 GMT
Editor : Damodaran
ഒരു ട്വീറ്റില്‍ വൈകിയ അന്താരാഷ്ട്ര അരങ്ങേറ്റം, തുടര്‍ന്ന് അഞ്ച് ഡക്കുകള്‍, ക്രിക്കറ്റിലെ ഒരപൂര്‍വ്വ കഥ
Advertising

 റൂസോയുടെ ട്വീറ്റിനെ ചിലര്‍ പ്രായത്തിന്‍റെ അപക്വതയായി കണ്ട് ക്ഷമിച്ചെങ്കിലും അതില്‍ മുറിവേറ്റ പല താരങ്ങളും യുവ താരത്തിന് കൈകൊടുക്കാന്‍ പോലും മടിച്ചു

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അടുത്തകാലത്തായി ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു ക്രിക്കറ്ററാണ് റിലി റോസോ. ഓസീസിനെതിരെയുള്ള ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയപ്പോള്‍ രണ്ട് അര്‍ധ ശതകങ്ങളും ഒരു ശതകവുമായി റോസോ ശ്രദ്ധേയനായി. പ്രാദേശിക തലങ്ങളില്‍ റണ്‍ മഴ പൊഴിച്ചിരുന്ന റോസോ ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് എത്തിയത് വളരെ വൈകിയാണ്.

ഇതിന് കാരണമായതാകട്ടെ 21 വയസില്‍ റൂസോ നടത്തിയ ഒരു ട്വീറ്റും. 2011 ലോകകപ്പില്‍ കിവികളോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക പുറത്തായപ്പോള്‍ റൂസോവിനത് താങ്ങാനായില്ല . ദുഖവും നിരാശയും അക്ഷരങ്ങളുടെ രൂപത്തില്‍ ട്വിറ്ററില്‍ സ്ഥാനം നേടിയപ്പോള്‍ അറിയാതെ കയറിക്കൂടിയ ഒരു വാക്ക് ആ യുവ താരത്തിന്‍റെ കളി ജീവിതത്തിലെ നിര്‍ണായക ഘടകമായി - പടിയ്ക്കല്‍ കലമുടയ്ക്കുന്നവരെന്ന അര്‍ഥമുള്ള ചോക്കേഴ്സ് എന്നായിരുന്നു ആ വാക്ക്. അപകടം മണത്ത റൂസോ അതുടനെ ഡിലീറ്റ് ചെയ്തെങ്കിലും കളിക്കളത്തില്‍ എല്ലാം സമര്‍പ്പിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മനസിലേക്ക് അത് അഗ്നിയായി ചേക്കേറിയിരുന്നു.

ഇതിന്‍റെ ഭീകരത റൂസോ നേരിട്ട് മനസിലാക്കിയത് അടുത്ത സീസണ് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയും യുവ പ്രതിഭകളെയും ഉള്‍കൊള്ളിച്ച് പരിശീലകന്‍ കേസ്റ്റണ്‍ നടത്തിയ പരിശീലന ക്യാമ്പിലാണ്. റൂസോയുടെ ട്വീറ്റിനെ ചിലര്‍ പ്രായത്തിന്‍റെ അപക്വതയായി കണ്ട് ക്ഷമിച്ചെങ്കിലും അതില്‍ മുറിവേറ്റ പല താരങ്ങളും യുവ താരത്തിന് കൈകൊടുക്കാന്‍ പോലും മടിച്ചു. റൂസോയുടെ അന്താരാഷട്ര അരങ്ങേറ്റം രണ്ട് വര്‍ഷത്തോളം പിടിച്ചുവച്ചത് ആ ട്വീറ്റായിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രാദേശിക മത്സരങ്ങളില്‍ തകര്‍ത്താടിയ റൂസോയെ അകറ്റി നിര്‍ത്താന്‍ മറ്റ് കാരണങ്ങളില്ലായിരുന്നു. 2009-10 സീസണില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായിരുന്നു റൂസോ. 66.05 ശതമാനം ശരാശരിയില്‍ 1189 റണ്‍സാണ് റൂസോ അടിച്ചു കൂട്ടിയത്. 2011 ലെ സംഭവത്തിനു ശേഷവും റുസോയുടെ ബാറ്റ് റണ്‍സിനോടുള്ള പ്രണയം തുടര്‍ന്നു കൊണ്ടിരുന്നു. പ്രാദേശിക ക്രിക്കറ്റില്‍ തിളങ്ങിയ മറ്റ് യുവ കളിക്കാരെല്ലാം ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയപ്പോള്‍ പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ കളിക്കാനായിരുന്നു റൂസോവിന് വിധി. പ്രാദേശിക ലീഗിനെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനെന്ന സ്ഥാനം അടക്കിവാണ റൂസോയെ ഒടുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിലെടുത്തു. 2014ല്‍ ദക്ഷിണാഫ്രിക്ക എയും ആസ്ത്രേലിയ എയും തമ്മില്‍ ഓസീസ് മണ്ണില്‍ നടന്ന അനൌദ്യോഗിക ടെസ്റ്റില്‍ 231 റണ്‍സോടെ റൂസോ തിളങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ കുപ്പായമെന്ന സ്വപ്നം പൂവണിഞ്ഞു.

സിംബാബ്‍വേയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി റൂസോ അരങ്ങേറ്റം നടത്തി. എന്നാല്‍ കാത്തിരുന്ന ടീം പ്രവേശനം റൂസോയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. തന്‍റെ ആദ്യ പത്ത് ഏകദിന ഇന്നിങ്സുകളില്‍ അഞ്ചെണ്ണത്തിലും ഡക്കായിട്ടായിരുന്നു റൂസോ കൂടാരം കയറിയത്. പരിഹാസപാത്രമായി മാറിയ റൂസോവിനെ 2015 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് സ്വാഭാവികമായും വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നു. എന്നാല്‍ 2015 ജനുവരിയില്‍ വാന്‍ഡറേഴ്സില്‍ നടന്ന ഏകദിനം റൂസോയുടെ കരിയറിനെ മാറ്റിമറിച്ചു. 31 പന്തില്‍ നിന്നും ഡിവില്ലിയേഴ്സ് ശതകത്തിലേക്ക് മിന്നല്‍ വേഗത്തില്‍ പറന്നിറങ്ങിയ ഇന്നിങ്സിന്‍റെ പേരിലാണ് ആ മത്സരം ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കുന്നതെങ്കിലും ഏകദിന കരിയറിലെ കന്നി ശതകവുമായി റൂസോ തന്നിലെ പ്രതിഭയ്ക്ക് ഉതകുന്ന പ്രകടനം പുറത്തെടുത്തു.

ഓപ്പണര്‍ സ്ഥാനത്ത് നിന്നിറങ്ങി നാലാമനായി ക്രീസിലെത്തിയാണ് ഏകദിന കരിയറിലെ മൂന്നാം ശതകം ഇപ്പോള്‍ റൂസോ കുറിച്ചിട്ടുള്ളത്. പരിക്കുകള്‍ വേട്ടയാടിയ കരിയര്‍ കൂടിയാണ് റൂസോവിന്‍റേത്. 2015 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമില്‍ പരിക്കു മൂലം റൂസോവിന് ഇടംകണ്ടെത്താനായില്ല. 2016ല്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായ റൂസോ കളത്തിലിറങ്ങി. തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇടംനേടിയെങ്കിലും രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ് മടങ്ങി.

ഓസീസിനെതിരായ ഏകദിന പരമ്പരയിലുള്ള ടീമില്‍ ആദ്യം റൂസോവുണ്ടായിരുന്നില്ല. എന്നാല്‍ ഡിവില്ലിയേഴ്സിന്‍റെ പരിക്കിനെ തുടര്‍ന്ന് പകരക്കാരനായി താരത്തെ ടീമിലെ അംഗമാക്കുകയായിരുന്നു. ഓപ്പണര്‍ ആംലയുടെ പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ ഓപ്പണറായി പാഡണിഞ്ഞ റൂസോ 63 റണ്‍സെടുത്തു. രണ്ടാം ഏകദിനത്തില്‍ ആംല തിരിച്ചെത്തിയതോടെ റൂസോവിനെ നിലനിര്‍ത്തുന്നതിനോട് നായകന്‍ ഡുപ്ലെസിസിന് വലിയ യോജിപ്പില്ലായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ ഒപ്പം നിന്നതോടെ റൂസോ വീണ്ടും കളംപിടിച്ചു. 75 റണ്‍സുമായി ആ മത്സരത്തിലും റൂസോ സാന്നിധ്യം അറിയിച്ചു. നൂറിലേക്കുള്ള വഴി തുറന്നു കിട്ടിയിട്ടും മോശം ഷോട്ട് സെലക്ഷനിലൂടെ അവയെ സ്വയം ഇല്ലാതാക്കിയ റൂസോ പക്ഷേ അഞ്ചാമത്തയും അവസാനത്തെയും ഏകദിനത്തില്‍ നൂറിന്‍റെ പെരുമയില്‍ തൊട്ട് ഗാലറികള്‍ക്കു നേരെ ബാറ്റ് വീശി ഹെല്‍മറ്റില്‍ മുത്തമിട്ടു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News