ഇന്ത്യന്‍ ഏകദിന ടീം അംഗത്വത്തിന് ഐപിഎല്‍ പ്രകടനം മാനദണ്ഡമാകരുതെന്ന് ഗംഭീര്‍
ട്വന്‍റി20യിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏകദിന ടീമിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ പ്രാദേശിക ഏകദിന മത്സരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാതെയാകും.
ട്വന്‍റി20 മത്സരങ്ങളിലെ പ്രകടനം ഏകദിന ടീമിലേക്കുള്ള ചവിട്ടുപടിയാകരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍. ഐപിഎല്ലില്‍ മിന്നും ഫോമിലുള്ള ഗംഭീര്‍ ഒരു അഭിമുഖത്തിലാണ് നയം വ്യക്തമാക്കിയത്. ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗത്വം ലക്ഷ്യമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎല്ലില്‍ റണ്‍ കണ്ടെത്തുന്നത് തികഞ്ഞ സ്വാര്‍ഥതയാകും. ട്വന്‍റി20 മത്സരങ്ങലിലെ പ്രകടനം ഏകദിന ടീമില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമാകരുതെന്ന അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണുള്ളത്. ട്വന്റി20 മത്സരങ്ങളിലെ പ്രകടനം ഒരു ട്വന്‍റി20 ടീമിന്റെ തെരഞ്ഞെടുപ്പിന് മാത്രമെ മാനദണ്ഡമായി പരിഗണിക്കാവൂ. ട്വന്‍റി20യിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏകദിന ടീമിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ പ്രാദേശിക ഏകദിന മത്സരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാതെയാകും.
ഏകദിന, ട്വന്‍റി20, ടെസ്റ്റ് മത്സരങ്ങള്‍ ആവശ്യപ്പെടുന്നത് വ്യത്യസ്ത നിലവാരമാണ്. ഏകദിനത്തില്‍ തിളങ്ങാന്‍ ആവശ്യമായ കഴിവുകള്‍ വ്യത്യസ്തമാണ്. ടെസ്റ്റിന്‍റെയും ട്വന്‍റി20 മത്സരങ്ങളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഏകദിനങ്ങളില്‍ ആദ്യ പത്ത് ഓവറുകളില്‍ രണ്ട് എന്‍ഡുകളില്‍ നിന്നും പുതിയ പന്തുമായാണ് ബൌളര്‍മാര്‍ ആക്രമിക്കുക. ഈ പത്ത് ഓവറുകളില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ സാങ്കേതിക വിദ്യ അനിവാര്യമാണ്. ട്വന്‍റി20യില്‍ ചെയ്യാറുള്ളത് പോലെ ഭയരഹിതമായി ഈ ഓവറുകളില്‍ എല്ലാ മത്സരങ്ങളിലും ബാറ്റ് വീശാനാകില്ല. - ഗംഭീര്‍ പറഞ്ഞു.
ഒരു ടീമിലും അംഗത്വം സ്വന്തമാക്കാനായല്ല താന്‍ കളിക്കുന്നതെന്നും ഓരോ മത്സരവും ജയിക്കുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ വിശദമാക്കി. ചാന്പ്യന്‍സ് ട്രോഫി ടീമിലിടം കണ്ടെത്തുന്നത് മനസില്‍ കണ്ട് ഞാന്‍ റണ്‍ വേട്ട നടത്തുകയാണെങ്കില്‍ അത് തികഞ്ഞ സ്വാര്‍ഥതയാകും. ഒരു ടീമിന്‍റെ നായകനെന്ന നിലയില്‍ ഇത് തീര്‍ത്തും തെറ്റാണ്. ഞാന്‍ ആ രീതിയില്‍ ചിന്തിച്ച് തുടങ്ങിയാല്‍ ചാന്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംകണ്ടെത്തണമെന്ന ആഗ്രഹമുള്ള ടീമിലെ മറ്റ് അംഗങ്ങളും വ്യക്തിഗത പ്രകടനത്തെക്കുറിച്ച് ആലോചിക്കാനുള്ള സാധ്യതയുണ്ട്. അത് ശരിയല്ല. നാം എന്നും വര്‍ത്തമാനത്തില്‍ ഉറച്ചു നില്‍ക്കണം. ബാക്കിയെല്ലാം സംഭവിക്കുന്നതാണ്. അത് സംഭവിച്ചാല്‍ സംഭവിച്ചു. ഇല്ലെങ്കില്‍ ഇല്ല , അതിന് അത്ര പ്രാധാന്യം മാത്രമെയുള്ളൂ. ആത്യന്തികമായി ഒരു സെലക്ഷന്‍ മുന്നില്‍ കണ്ട് ഞാന്‍ ഒരിക്കലും കളിക്കാറില്ല. ഓരോ മത്സരവും വിജയിക്കണമെന്ന ലക്ഷ്യമാണ് മുന്നില്‍.