നെയ്മറിന്റെ റെക്കോഡ് ട്രാന്‍സ്ഫറിന്റെ മൂന്നിരട്ടിയുണ്ടെങ്കിലും മെസിയെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല

Update: 2018-06-01 16:43 GMT
Editor : Subin
നെയ്മറിന്റെ റെക്കോഡ് ട്രാന്‍സ്ഫറിന്റെ മൂന്നിരട്ടിയുണ്ടെങ്കിലും മെസിയെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല
Advertising

തങ്ങളുടെ ഏറ്റവും മികച്ച താരത്തിനായി ഒരു ടീമിനും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത തുകയെന്ന നിലയിലാണ് ബാഴ്സലോണ അങ്ങനെയൊരു ക്ലോസ് ഉള്‍പ്പെടുത്തിയത്. 

സീനിയര്‍ തലത്തില്‍ കളിച്ചു തുടങ്ങിയതു മുതല്‍ ബാഴ്‌സലോണയല്ലാതെ മറ്റൊരു ക്ലബിനുവേണ്ടി ലയണല്‍ മെസി ബൂട്ട് കെട്ടി ഇറങ്ങിയിട്ടില്ല. മറ്റൊരു ക്ലബിന് മെസിയില്‍ മോഹമുദിച്ചാലും അക്കാര്യം ഔദ്യോഗികമായി സംസാരിക്കുന്നത് പോലും എളുപ്പമാകില്ല. ബാഴ്‌സലോണ നിശ്ചയിച്ച 700 മില്യണ്‍ പൗണ്ട് നല്‍കാമെന്ന് സമ്മതിച്ചാലേ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ പോലും ആരംഭിക്കാനാകൂ! ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് നെയ്മറെത്തിയത് 222 മില്യണ്‍ പൗണ്ടിന്റെ റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കായിരുന്നുവെന്നു കൂടി ഓര്‍ക്കണം.

മെസി ബാഴ്‌സലോണ വിടുന്നുവെന്ന പ്രചരണങ്ങള്‍ക്ക് അവസാനം കുറിച്ച് കഴിഞ്ഞ നവംബറിലാണ് ടീമുമായുള്ള കരാര്‍ 2021 വരെ നീട്ടിയത്. അന്ന് ഒപ്പിട്ട കരാറിലാണ് ഇത്തരമൊരു ഭാഗം ഉള്ള വിവരം ബാഴ്‌സലോണയുടെ ഫിനാന്‍ഷ്യല്‍ ആന്റ് സ്റ്റാറ്റര്‍ജി ഡയറക്ടര്‍ പാഞ്ചോ ഷ്‌റോഡര്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും മികച്ച താരത്തിനായി ഒരു ടീമിനും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത തുകയെന്ന നിലയിലാണ് അങ്ങനെയൊരു ക്ലോസ് ഉള്‍പ്പെടുത്തിയത്.

അതേസമയം 222 മില്യണ്‍ പൗണ്ട് നല്‍കി നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയതിന്റെ ഞെട്ടല്‍ ഫുട്‌ബോള്‍ ലോകത്തിന് മാത്രമല്ല ബാഴ്‌സലോണക്ക് പോലും മാറിയിട്ടില്ല. അതുകൊണ്ടുതന്നെ മെസിയുടെ ഈ കൂടിയ തുകയും വരും വര്‍ഷങ്ങളില്‍ സുരക്ഷിതമല്ലെന്ന തോന്നലും ബാഴ്‌സലോണ അധികൃതര്‍ക്കുണ്ട്. 'മെസി ബാഴ്‌സലോണയില്‍ വെച്ചു തന്നെ വിരമിക്കുകയെന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ അങ്ങനെയൊരു ഭാഗം കരാറില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ നെയ്മറിന്റെ ട്രാന്‍സ്ഫറോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ തോന്നലല്ല ഇപ്പോളുള്ളത്.' പാഞ്ചോ ഷ്‌റോഡര്‍ പറയുന്നു.

മെസിയുടെ വിടുതല്‍ തുക വളരെ കൂടുതലാണെന്ന അഭിപ്രായം കഴിഞ്ഞ ആഗസ്തില്‍ ബാഴ്‌സലോണ മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള നടത്തിയിരുന്നു. 300 മില്യണ്‍ പൗണ്ടായി ഈ തുക കുറക്കുകയാണ് ക്ലബ് ചെയ്യേണ്ടതെന്ന നിര്‍ദ്ദേശമായിരുന്നു മെസിയെ സൂപ്പര്‍ താരമാക്കിയതില്‍ നിര്‍ണ്ണായക പങ്കുള്ളവരില്‍ ഒരാളായ ഗ്വാര്‍ഡിയോള നടത്തിയത്. 300 മില്യണ്‍ പൗണ്ടിന് മെസിയെ വാങ്ങാന്‍ നിലവില്‍ ആളുണ്ടെന്ന പരോക്ഷ സൂചനയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ ഗ്വാര്‍ഡിയോള നല്‍കിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News