കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സി ക്ക് തകർപ്പൻ വിജയം
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോകുലം എഫ് സി കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ തകർത്തു
കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സി ക്ക് തകർപ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളിനാണ് ഗോകുലം എഫ് സി കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ തകർത്തത് .
കരുത്തരായ താരങ്ങളുമായി ഇറങ്ങിയ ഗോകുലം എഫ് സിയെ തളക്കാൻ പ്രതിരോധത്തിലൂന്നിയായിരുന്നു പോർട്ട് ട്രസ്റ്റ് കളിച്ചത്. എന്നാൽ ഗോകുലം എഫ് സി തുടക്കം മുതൽ ആക്രമം അഴിച്ചുവിട്ടു. 14 ആം മിനുട്ടിൽ ഗോകുലം എഫ് സി യുടെ ഷിഹാദ് ആദ്യ ഗോൾ നേടി.
ഇതോടെ പോർട്ട് ട്രസ്റ്റ് പ്രതിരോധം ശക്തമാക്കി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോകുലം എഫ് സി ലീഡുയർത്തി. വി പി സുഹൈർ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചെങ്കിലും ഇടിച്ചു കയറിയ പ്രിതം സർക്കാർ അവസരം മുതലെടുത്ത് വല കുലുക്കി.
രണ്ടാം പകുതിയിൽ പോർട്ട് ട്രസ്റ്റ് അടവ് മാറ്റിയെങ്കിലും ഹോം ഗ്രൗണ്ട് തുണച്ചില്ല. കളിയുടെ എഴുപത്തിയാറാം മിനുട്ടിൽ ഗോകുലം എഫ് സി യുടെ ആഫിർ ജാവേദിലൂടെ മൂന്നാം ഗോളും പിറന്നു. തൊട്ടടുത്ത മിനുട്ടിൽ കൊച്ചിൻ പോർട് ട്രസ്റ്റിന്റെ സില്ല സുലൈമാൻ ആശ്വാസ ഗോൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വി പി സുഹൈർ നാലാം ഗോൾ നേടി പോർട്ട് ട്രസ്റ്റിന്റെ തകർച്ചക്ക് ആക്കം കൂട്ടി.
നൈജീരിയൻ താരം ബെല്ലോ റസാഖ് അടക്കുള്ളവരുടെ നിരയുമായി ശക്തമായ പോരാട്ടമാണ് ഗോകുലം എഫ് സിയെ വിജയത്തിലെത്തിച്ചത്.
ഗ്രൂപ്പ് എയിലെ ഗോകുലം എഫ് സി യുടെ അടുത്ത മത്സരം ക്വാർസ് സോക്കർനെതിരെയാണ്. മത്സരം 23 ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് നടക്കുക.